 
ഒറ്റപ്പാലം: ആംബുലൻസ് ഡ്രൈവറെന്ന നിലയിലെ വേറിട്ട അനുഭവങ്ങളെ പ്രമേയമാക്കി ആദ്യം കവിത രചിച്ചു. പിന്നീട് യുവ കവിയെന്ന പേരിലേക്കുള്ള സനോജ് കുമാറിന്റെ വളർച്ച സൈറൺ മുഴക്കി ചീറിപ്പായുന്ന ആംബുലൻസിന്റേതുപോലെ അതിവേഗത്തിലായിരുന്നു.
ഒറ്റപ്പാലം അശ്വിനി ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ പാലപ്പുറം ഇടത്തൊടി സനോജ്കുമാർ (37) മൂന്ന് വർഷം മുമ്പാണ് കവിതയുടെ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഉപജീവനത്തിനായി ഫോർ വീലർ മെക്കാനിക്ക്, ഡ്രൈവിംഗ്, ഇലക്ട്രീഷ്യൻ, പെയിന്റിംഗ്, കസേര മടയൽ തുടങ്ങി പല കൈത്തൊഴിലുകൾ പഠിച്ചു. ഒടുവിൽ ആംബുലൻസിന്റെ വളയം പിടിക്കുകയായിരുന്നു. തന്റെ സേവന ചിന്തയാണ് ഈ ജോലി ഇഷ്ടപ്പെടാൻ കാരണമായതെന്ന് സനോജ് പറയുന്നു. നല്ലതും, ചീത്തയുമായ അനുഭവങ്ങൾ ഈ തൊഴിൽ സമ്മാനിച്ചിട്ടുണ്ട്. തല്ലും, തലോടലും പോലെ പലരിൽ നിന്നും പല അനുഭവങ്ങൾ. ആംബുലൻസ് എന്ന പേരിൽ തന്നെ ഈ അനുഭവങ്ങളെ കവിതയാക്കി പുറത്തിറക്കി. കാഴ്ചയുടെ ലോകം അന്യമായവരെ വിഷയമാക്കി അന്ധൻ, പാരിസ്ഥിതിക വിഷയങ്ങളിൽ ഭാരതപ്പുഴയടക്കം പല കവിതകൾ, 'ഒറ്റപ്പാലം ' എന്ന പേരിൽ ഒറ്റപ്പാലത്തെ കുറിച്ചും കവിത പിറന്നു. 'ജീവിതത്തിലെ ഒരേട് ' 'ഭൂമിയിലെ നൊമ്പരങ്ങൾ 'എന്നീ പേരിൽ കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. ഇതുകൂടാതെ ഭക്തിഗാന രചനയിലും പേരെടുത്തു. സനോജിന്റെ അയ്യപ്പഭക്തിഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. കവി എന്ന നിലയിൽ അംഗീകാരങ്ങൾ പലതും തേടിയെത്തി.
മുടിയും, താടിയും നീട്ടി വളർത്തി കൊവിഡിനോടുള്ള സമരത്തിലാണിന്ന് സനോജ് കുമാർ. കൊവിഡ് കേരളം വിട്ടാലേ താടിയും, മുടിയും വെട്ടൂ എന്ന ദൃഢപ്രതിജ്ഞയിലാണ് ഈ യുവ കവി.
ഭാര്യ ശ്രീദേവിയും, മകൾ അഞ്ജനയും സനോജിന് പിന്തുണയും പ്രോത്സാഹനവും നൽകി കൂടെയുണ്ട്.