
പാലക്കാട്: ജില്ലയിലെ കൊവിഡ് 19 വാക്സിനേഷൻ, പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 2021 എന്നിവയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ജില്ലാതല ടാസ്‌ക് ഫോഴ്സ് യോഗം ചേർന്നു. പാലക്കാട് ജില്ലയിൽ 320 സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നും 347 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുമായി ആകെ 667 സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിനേഷൻ നൽകുന്നത്. ഡിസംബർ 29 വരെ 23220 ആരോഗ്യപ്രവർത്തകർ രജിസ്റ്റർ ചെയ്തു. വാക്സിൻ കുത്തിവെയ്പ് നൽകുന്നതിന് 609 സൂപ്പർവൈസർമാരെ കണ്ടെത്തിയിട്ടുണ്ട്. 2146 വിതരണ കേന്ദ്രങ്ങളിലായി അഞ്ചു പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് വാക്സിൻ നൽകുന്നത്. ഒരാൾ വാക്സിൻ നൽകുകയും മറ്റു നാലുപേർ ബന്ധപ്പെട്ട പ്രവൃത്തികളും ചെയ്യും. കൊവിഡ് വാക്സിൻ നൽകിയ വ്യക്തിയെ നിശ്ചിത സമയം നിരീക്ഷണത്തിൽ ഇരുത്തി മറ്റു അസ്വസ്ഥതകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം വിട്ടയക്കും.
കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദ്യഘട്ട വാക്സിനേഷൻ വിതരണം ആരംഭിക്കുന്നതാണ്. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവരങ്ങൾ സമർപ്പിക്കാനുള്ള ദിവസം ഇന്ന് അവസാനിക്കും. വാക്സിൻ സ്വീകരിക്കുന്നതിന് സന്നദ്ധരായി എല്ലാ ആരോഗ്യപ്രവർത്തകരും വിവരങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിൻ നൽകുന്നവർക്കായുള്ള പരിശീലനം ജില്ലയിൽ പൂർത്തിയായി. നിലവിൽ ബ്ലോക്ക്തല ടാസ്‌ക് ഫോഴ്സ് യോഗങ്ങൾ നടന്നു വരികയാണ്.
 രണ്ടാം ഘട്ടത്തിൽ ഹൈ റിസ്‌ക് വിഭാഗത്തിനും മൂന്നാംഘട്ടത്തിൽ പൊതുജനങ്ങൾക്കും വാക്സിൻ
രണ്ടാം ഘട്ടത്തിൽ ഹൈ റിസ്‌ക് ആയിട്ടുള്ള (60 വയസിന് മുകളിൽ പ്രായമുള്ളവർ, 60 വയസിന് താഴെയുള്ള ഗുരുതര രോഗമുള്ളവർ) വർക്കും മൂന്നാം ഘട്ടത്തിൽ മറ്റു പൊതുജനങ്ങൾക്കും കൊവിഡ് വാക്സിൻ നൽകും.
വാക്സിന്റെ അവശ്യകത, ഇവ നൽകുന്നത് എന്നിവ സംബന്ധിച്ച് കുട്ടികൾക്ക് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ബോധവത്ക്കരണം നടത്തും. സ്‌കൂളുകൾ വാക്സിൻ കേന്ദ്രങ്ങളായി ഉപയോഗിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ വാക്സിൻ കുത്തിവയ്ക്കുന്നതിന് നിയോഗിക്കപ്പെട്ട സൂപ്പർവൈസർമാരുടെ അഭാവത്തിൽ കുത്തിവയ്പ് നൽകുന്നതിന് നിയമപരമായി അംഗീകാരം ലഭിച്ച ആയുഷ് ഡോക്ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും.