
 എൽ.ഡി.എഫ് 65  യു.ഡി.എഫ് 23
പാലക്കാട്: 88 ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിലെയും അദ്ധ്യക്ഷസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ജില്ലയിലെ തദ്ദേശചിത്ര വ്യക്തമായി. ജില്ലാ പഞ്ചായത്തിന് പുറമേ 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ലും ഇടതുപക്ഷം അധികാരത്തിലേറി. മണ്ണാർക്കാടും പട്ടാമ്പിയും മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
ജില്ലയിലെ ആകെയുള്ള 88 ഗ്രാമപഞ്ചായത്തികളിൽ 60ലും വ്യക്തമായ മേധാവിത്വത്തോടെയാണ് ഇടതുപക്ഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വിജയിച്ചത്. ആർക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന എട്ടു പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽ സ്വതന്ത്രന്മാരുടെ പിന്തുണയോടെയും മൂന്നിടത്ത് നറുക്കെടുപ്പിലൂടെയും എൽ.ഡി.എഫ് ഭരണം പിടിക്കുകയായിരുന്നു. പുതുശ്ശേരി, പറളി ഗ്രാമപഞ്ചായത്തുകളാണ് സ്വതന്ത്രരുടെ പിന്തുണയോടെ എൽ.ഡി.എഫ് നേടിയത്. കൊപ്പം, കപ്പൂർ, കാവശേരി പഞ്ചായത്തുകൾ നറുക്കേടുപ്പിലൂടെയും സ്വന്തമാക്കി.
23 പഞ്ചായത്തുകളിൽ യു.ഡി.എഫാണ് വിജയിച്ചത്. എൽ.ഡി.എഫും യു.ഡി.എഫും തുല്യസീറ്റ് നേടിയ അഞ്ച് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ മൂന്ന് പഞ്ചായത്ത് എൽ.ഡി.എഫും രണ്ടെണ്ണം യു.ഡി.എഫും നേടി. 2015ലെ തിരഞ്ഞെടുപ്പിൽ 69 പഞ്ചായത്തുകളാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. യുഡിഎഫിന് 19ഉം.
വിലപ്പെട്ട അസാധുവോട്ടുകൾ
കാവശേരി പഞ്ചായത്തിൽ യു.ഡി.എഫ് അംഗം വോട്ട് അസാധുവാക്കിയതിനെ തുടർന്ന് ആദ്യ വോട്ടെടുപ്പിൽ തന്നെ എൽ.ഡി.എഫ് പ്രസിഡന്റ് പദം ഉറപ്പിച്ചു. കൊപ്പം, കപ്പൂർ എന്നീ പഞ്ചായത്തുകളിലും ഭാഗ്യം ഇടതുപക്ഷത്തിനൊപ്പമായിരുന്നു. നെന്മാറ, കുഴൽമന്ദം പഞ്ചായത്തുകളാണ് നറുക്കെടുപ്പിലൂടെ യു.ഡി.എഫ് നേടിയത്. കാവശേരി ഉൾപ്പെടെയുള്ള അഞ്ച് പഞ്ചായത്തുകളിലും നറുക്കെടുപ്പുവഴി വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് നേടി. 
പതിനാലംഗ മങ്കര പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറുവീതം സീറ്റാണുള്ളത്. എൻ.ഡി.എയും സ്വതന്ത്രയും ഓരോ സീറ്റ് നേടി. സ്വതന്ത്രയുടെ പിന്തുണയോടെ എൽ.ഡി.എഫ് ഭൂരിപക്ഷം ഉറപ്പിച്ചു. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനം വോട്ടെടുപ്പിലൂടെ എൽ.ഡി.എഫ് സ്വതന്ത്ര നേടി.
 ബ്ലോക്ക് പഞ്ചായത്ത് സാരഥികൾ
13 ബ്ലോക്ക് പഞ്ചായത്തുകളിൽ 11 ഇടത്തും എൽ.ഡി.എഫ് ഭരണത്തിലേറി. മണ്ണാർക്കാട്, പട്ടാമ്പി ബ്ലോക്കുകൾ മാത്രമേ യു.ഡി.എഫ് വിജയിച്ചുള്ളു. തൃത്താലയിൽ വി.പി.റജീന, ഒറ്റപ്പാലത്ത് പി.ശോഭന, ശ്രീകൃഷ്ണപുരത്ത് സുനിത ജോസഫ്, അട്ടപ്പാടിയിൽ മാരുതി മുരുകൻ, മലമ്പുഴയിൽ ബിജോയ്, കൊല്ലങ്കോട് ആർ.ചിന്നക്കുട്ടൻ, പാലക്കാട് വി.സേതുമാധവൻ, നെന്മാറയിൽ സി.ലീലാമണി. ആലത്തൂരിൽ രജനി ബാബു, കുഴൽമന്ദത്ത് എം.ദേവദാസ്, ചിറ്റൂരിൽ അഡ്വ: വി.മുരുകദാസ്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം ലീഗിലെ സജിത വിനോദിനേയും മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അഡ്വ ഉമ്മുസൽമയെയും തിരഞ്ഞെടുത്തു.