
പാലക്കാട്: തുടർഭരണം പ്രതീക്ഷിച്ച മങ്കരയിൽ അസാധു വോട്ട് വില്ലനായപ്പോൾ ഇടതുപക്ഷത്തിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
ആകെ 14 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറുവീതം സീറ്റാണ് ലഭിച്ചത്. ഒരു സീറ്റ് ബി.ജെ.പിക്കും ഒരു സീറ്റ് എൽ.ഡി.എഫിൽ സി.പി.ഐക്ക് നൽകിയ സീറ്റിൽ സ്വതന്ത്രമായി മത്സരിച്ച സി.പി.എം സ്ഥാനാർത്ഥിക്കും ലഭിച്ചു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗം വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. സി.പി.എം സ്വതന്ത്രയുടെ പിന്തുണ എൽ.ഡി.എഫ് ഉറപ്പാക്കിയിരുന്നതിനാൽ ഭരണം ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു മുന്നണി. എന്നാൽ, എൽ.ഡി.എഫിലെ ഒരു വോട്ട് അസാധുവായതോടെ യു.ഡി.എഫും എൽ.ഡി.എഫും തുല്യനിലയിലാവുകയും നറുക്കെടുപ്പ് നടത്തുകയുമായിരുന്നു. മൂന്നാം വാർഡ് കക്കോടിലെ പി.രേഷ്മയുടെ വോട്ടാണ് അസാധുവായത്. അപ്രതീക്ഷിതമായി വന്ന നറുക്കെടുപ്പിൽ വിജയം യു.ഡി.എഫിനൊപ്പം നിന്നു.
12ാം വാർഡ് കുനിയംമ്പാടത്തുനിന്നും വിജയിച്ച എം.എൻ.ഗോകുൽദാസാണ് പ്രസിഡന്റ്. സി.പി.എമ്മിന്റെ പിന്തുണയോടെ മത്സരിച്ച നാലാം വാർഡ് കൂരാത്തിലെ വസന്തകുമാരി ആണ് വൈസ് പ്രസിഡന്റ്. കോൺഗ്രസ് ഭരിച്ചിരുന്ന മങ്കര ഗ്രാമപഞ്ചായത്ത് കഴിഞ്ഞതവണയാണ് സി.പി.എം പിടിച്ചെടുത്തത്.