
പാലക്കാട്: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്കാണ് കാവശേരി പഞ്ചായത്ത് സാക്ഷ്യംവഹിച്ചത്. ഇടതു - വലതു മുന്നണികൾക്ക് എട്ട് സീറ്റുകൾ വീതവും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ഉള്ളത്.
ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗം വിട്ടുനിന്നു. യു.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ ഇടതുമുന്നണിക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയായിരുന്നു. യു.ഡി.എഫിലെ എ.ആണ്ടിയപ്പുവിന്റെ വോട്ടാണ് അസാധുവായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് യു.ഡി.എഫിൽ നിന്ന് ആനന്ദ്കുമാറും എൽ.ഡി.എഫിലെ സി.രമേഷ് കുമാറുമാണ് മത്സരിച്ചത്. ഇതിൽ ആണ്ടിയപ്പു യു.ഡി.എഫിലെ ആനന്ദ്കുമാറിന് വോട്ട് രേഖപ്പെടുത്തിയെങ്കിലും പേരും ഒപ്പം ഇട്ടിരുന്നില്ല. ഇതോടെ വരണാധികാരി വോട്ട് അസാധുവായി കണക്കാക്കുകയും ചെയ്തു.
ഉച്ചയ്ക്ക് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഗിരിജാ പ്രേംപ്രകാശിനും യു.ഡി.എഫിലെ ഉഷാദേവിക്കും തുല്യവോട്ട് ലഭിച്ചതോടെ വരണാധികാരി നറുക്കെടുപ്പ് നടത്തി. നറുക്കെടുപ്പിൽ യു.ഡി.എഫിനെയിരുന്നു ഭാഗ്യം തുണച്ചത്.
വോട്ട് അസാധുവാക്കിയ എ.ആണ്ടിയപ്പുവിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അറിയിച്ചു.