
പാലക്കാട്: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന് ബസുടമകൾ. ഇപ്പോഴത്തെ ചാർജ്ജിന്റെ 50 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം. ഡീസൽ വില ദിവസേന കൂടുകയും യാത്രക്കാരുടെ എണ്ണം തീരെ കുറവായതും മൂലം സ്വകാര്യ ബസുകൾ സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. സ്വകാര്യ ബസുകളുടെ നികുതി പൂർണമായും വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും കഴിഞ്ഞ മൂന്നുമാസത്തെ നികുതി 50 ശതമാനം മാത്രമാണ് സർക്കാർ വിട്ടുനൽകിയത്. ജീവനക്കാർക്ക് ശമ്പളം നൽകാനും ബസുകളിൽ ഡീസൽ അടിക്കാനുമുള്ള കളക്ഷൻ പോലും ഇപ്പോൾ ലഭിക്കുന്നില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ മൂന്നുമാസത്തെ നികുതി പൂർണമായി ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം സർവീസുകൾ നിർത്തിയിടേണ്ടി വരുമെന്നും ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വിദ്യാധരൻ പറഞ്ഞു.