kathiran-accident

പാലക്കാട്: ഒരുമിച്ച് തമാശകൾ പറഞ്ഞ് എപ്പോഴും കൂട്ടുകാരെ രസിപ്പിച്ചിരുന്ന വിജീഷും നിഖിലും ഒടുവിൽ തീരാദുഃഖം നൽകി മരണത്തിലേക്ക് യാത്രയായതും ഒരുമിച്ച് . വടക്കഞ്ചേരി പുളിങ്കൂട്ടം കൈക്കോളത്തറ ഷീല നിവാസിൽ മുരളിയുടെ മകൻ വിജീഷും (24), മഞ്ഞപ്ര ചിറയിൽ ചെത്തുതൊഴിലാളിയായ കുമാരന്റെ മകൻ നിഖിലും (28) അവർ ജോലി ചെയ്യുന്ന പെയിന്റു കടയിലേക്ക് സ്കൂട്ടറിൽ പോകവേയാണ് കുതിരാൻ വഴുക്കുംപാറയിൽ വച്ചു ചരക്ക് ലോറി പാഞ്ഞു കയറി മരിച്ചത്. തമാശ പറഞ്ഞും കുസൃതി കാട്ടിയും രസിപ്പിച്ചിരുന്ന ഇവർ ഇനിയില്ലെന്ന യഥാർത്ഥ്യം ഉൾക്കൊള്ളാൻ കൂട്ടുക്കാർക്കും കഴിയുന്നില്ല.

തൃശൂർ ഏഷ്യൻ പെയിന്റ്സ് ഷോപ്പിലെ ജോലിക്കാരാണ് ഇരുവരും. കടയിൽ തലേന്ന് രാത്രിയെത്തിയ ലോഡ് ഇറക്കാനുണ്ടെന്ന് പറഞ്ഞാണ് രാവിലെ ആറു മണിയോടെ പോയത്. ന്യൂ ഇയർ ആഘോഷത്തിന് നേരത്തെ വീട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഈ യാത്ര. സാധാരണ ഇരുവരും രാവിലെ എട്ട് മണിയാകുമ്പോഴേ ഇറങ്ങാറുള്ളു.

ഗൾഫിലായിരുന്ന വിജീഷ് കൊവിഡിനു മുമ്പ് ലീവിന് നാട്ടിൽ വന്നതായിരുന്നു. കൊവിഡ് വ്യാപനംമൂലം പിന്നീട് ഗൾഫിൽ പോകാൻ കഴിഞ്ഞില്ല. ഇതിനിടെയാണ് കൂട്ടുകാരനായ നിഖിലിനൊപ്പം തൃശൂരിലേക്ക് ജോലിക്ക് പോകാൻ തുടങ്ങിയത്.

വടക്കഞ്ചേരിയിൽ മെഡിക്കൽ ഷോപ്പ് ജീവനക്കാരനാണ് വിജീഷിന്റെ അച്ഛൻ മുരളി. അമ്മ: ഷീല. സഹോദരങ്ങൾ: മുകേഷ് വർമ്മ, മേഗേഷ് വർമ്മ. നിഖിലിന്റെ അമ്മ: ദേവകി. സഹോദരി: നിമിഷ. ഇരുവരടെയും മൃതദേഹങ്ങൾ ഇന്ന് രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ സംസ്‌ക്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.