
 വിൽക്കാൻ നാളികേരമില്ലാതെ കർഷകർ
പാലക്കാട്: കേരം തിങ്ങും കേരള നാട്ടിൽ പച്ചതേങ്ങവില റെക്കോർഡിലേക്ക്. ഒരുകിലേയ്ക്ക് 55 മുതൽ 65 രൂപ എന്ന നിരക്കിലാണ് മാർക്കറ്റിലെ കച്ചവടം. ചില്ലറ വിപണിയിലെത്തുമ്പോൾ അത് 70 - 75 രൂപയായി ഉയരും. ഒരുമാസത്തിനിടെ മാത്രം 25 രൂപയോളം വർദ്ധിച്ചവെന്ന് കച്ചവടക്കാർ പറയുന്നു. തേങ്ങവില കൂടിയതോടെ വെളിച്ചെണ്ണയുടെ വിലയിലും വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. കൊപ്രയ്ക്ക് കിന്റ്വലിന് 13000 രൂപയും ഉണ്ട തേങ്ങക്ക് 14500 രൂപയുമുണ്ട്. എന്നാൽ വില കുതിച്ച് ഉയരുമ്പോഴും അതിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
ഉയർന്ന വില ലഭിക്കുമ്പോൾ വിൽക്കാൻ നാളികേരമില്ലാത്ത അവസ്ഥയാണ്. കിലോയ്ക്ക് പതിനഞ്ച് രൂപ കിട്ടിയിരുന്ന കാലത്ത് ലഭിച്ചിരുന്ന തേങ്ങ ഇപ്പോൾ കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. അതുകൊണ്ട് ഇപ്പോഴത്തെ വില വർദ്ധന കൊണ്ട് കർഷകന് ഗുണം ലഭിക്കുന്നില്ല.
പച്ചത്തേങ്ങ ഉത്പാദനത്തിൽ 40 ശതമാനത്തിന്റെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്നുള്ള വരവിലും ഗണ്യമായ കുറവുണ്ടായതാണ് വില വർദ്ധിക്കാൻ കാരണം. പച്ചത്തേങ്ങ കിട്ടാത്തതിനാൽ പല വെളിച്ചെണ്ണ മില്ലുകളും ഉത്പാദനം കുറച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും ജലദൗർലഭ്യതയുമാണ് നാളികേര കർഷകർക്ക് തിരിച്ചടിയായത്.
മഴയെ മാത്രം ആശ്രയിച്ച് കൃഷിചെയ്യുന്നവരാണ് ജില്ലയിൽ ഭൂരിഭാഗം ആളുകളും. ആവശ്യത്തിന് മഴ ലഭിക്കാത്തിനാൽ ഉത്പാദനവും കഉറഞ്ഞു. കുഴൽകിണറിൽ നിന്നും, മറ്റും വെള്ളം നനച്ച് സംരക്ഷിച്ചെടുത്തവ മാത്രമാണ് ഇപ്പോൾ പേരിനെങ്കിലും ഉൽപ്പാദനം ഉണ്ടായിട്ടുള്ളത്. സാധാരണ തിരുവാതിര ഞാറ്റുവേലയ്ക്കാണ് തെങ്ങുകളുടെ തടം തുരത്തി വളപ്രയോഗം നടത്തുക.
എന്നാൽ തിരുവാതിര ഞാറ്റുവേലയും ചതിച്ചതോടെ ശരിയായി വളപ്രയോഗം നടത്താനും കർഷകർക്കായിട്ടില്ല.150 തെങ്ങിൽ നിന്ന് പ്രതിവർഷം 40,000 രൂപ വരുമാനം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ വീട്ടാവശ്യം കഴിച്ചാൽ പേരിന് മാത്രമാണ് വല്ലതും വിൽക്കാൻ കിട്ടുന്നതെന്ന് കർഷകർ പറയുന്നു.
കേര കേരളം, സമൃദ്ധ കേരളം പദ്ധതികൾ പ്രതീക്ഷനൽകുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ട പഞ്ചായത്തുകൾക്കു മാത്രമേ മികച്ച ഇനം തെങ്ങിൻ തൈകൾ ലഭിച്ചിരുന്നുള്ളൂ. ഈ വർഷം കൂടുതൽ പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമ്പോൾ ഉത്പാദനം വർദ്ധിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
 നാടൻ തേങ്ങ ഉത്പാദനത്തിലും വൻ ഇടിവ്
കഴിഞ്ഞ 10 വർഷത്തിനിടെ നാടൻ തേങ്ങ ഉത്പാദനം പകുതിയിലധികം കുറഞ്ഞതായി നാളികേര വികസന ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നഷ്ടക്കണക്കായതോടെ പലരും തെങ്ങുകൃഷി ഉപേക്ഷിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി . നാട്ടിൻപുറങ്ങളിൽ പോലും തേങ്ങ ഇല്ലാതായതോടെ വിപണിയിൽ വില കുതിച്ചു. ഒരു കിലോ വെളിച്ചെണ്ണയുടെ വില 180ൽ നിന്ന് 210 വരെ എത്തി. ബ്രാൻഡഡ് വെളിച്ചെണ്ണയുടെ വിലയും ഉയർന്നിട്ടുണ്ട്.