 
പാലക്കാട്: നീണ്ട പത്തുമാസത്തിന് ശേഷം ഇന്ന് സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കാണ് പുതുവർഷത്തിൽ ക്ലാസുകൾ ആരംഭിക്കുക. സ്കൂൾ തുറക്കുന്നതിന്റെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മാസങ്ങളായി അടഞ്ഞുകിടന്ന ക്ലാസ് മുറികളും പുല്ലുപിടിച്ച മുറ്റങ്ങളുമെല്ലാം വൃത്തിയാക്കി. ശൗചാലയങ്ങളും ശരിയാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസിലിരുത്താവൂയെന്നാണ് സർക്കാർ നിർദ്ദേശം. ഇതിനായി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ക്ലാസിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് പഴയപോലെ ഓൺലൈൻ ക്ലാസിനുള്ള അവസരവുമൊരുക്കും. ഒരു ബെഞ്ചിൽ ഒരാൾ എന്ന നിലയിലാണ് ആദ്യ ആഴ്ചത്തെ ക്ലാസ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ട് ഘട്ടമായാണ് ക്ലാസെടുക്കുക. ആദ്യ ഘട്ടം രാവിലെ 10ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് അവസാനിക്കും. രണ്ടാംഘട്ടം ഉച്ചയ്ക്ക് 2 മുതൽ 5വരെയുണ്ടാകും. സ്‌കൂളുകളിൽ ഹാജരാക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രവും വിദ്യാർത്ഥികൾ കൈയിൽ കരുതണം.
സ്‌കൂളുകളിൽ പ്രിൻസിപ്പൽ ചെയർമാനായും വാർഡ് അംഗം, അരോഗ്യ വകുപ്പ് പ്രതിനിധി, പി.ടി.എ പ്രസിഡന്റ്, ഓഫീസ് സൂപ്രണ്ട് തുടങ്ങിയവർ അംഗങ്ങളുമായ കൊവിഡ് സെല്ലിനാണ് പരിപൂർണ ചുമതല. കുട്ടികൾക്ക് എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ തുടർ നടപടികൾ സെല്ലുവഴിയാണ് നടത്തുക.