01-premkumar
കളക്ടർ ഇടപെട്ട്, ദുരിതങ്ങളിൽ നിന്നും പുതുജീവിതത്തിലേക്ക് പ്രേംകുമാർ

റാന്നി : മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് അരക്ക് കീഴ്പ്പോട്ട് തളർന്നുകിടന്നിരുന്ന അത്തിക്കയം കുടമുരുട്ടി കൊച്ചു കുളം വേലൻതടം കൊല്ലൻപറമ്പിൽ വീട്ടിൽ പ്രേംകുമാറി(30ന് തുണയായി അടൂർ മഹാത്മാ ജനസേവനകേന്ദ്രം. ആറ് വർഷം മുമ്പാണ് പ്രെംകുമാർ മരത്തിൽ നിന്നും വീണ് കിടപ്പിലായത്. പരസഹായമില്ലാതെ ദിനചര്യകൾ പോലും ചെയ്യാനാവാത്ത പ്രേംകുമാറിനെ ബന്ധുക്കൾ കൈയൊഴിഞ്ഞ സ്ഥിതിയായിരുന്നു. മാതാവ് ശാന്തമ്മ വീടുകളിൽ ജോലിക്ക് പോയാണ് ഉപജീവനം കഴിഞ്ഞിരുന്നത്. വാർദ്ധക്യവും രോഗ ബാധയും മകന്റെ സംരക്ഷണവും താങ്ങാവുന്നതിലുമപ്പുറമുള്ള ബാദ്ധ്യതയാവുകയായിരുന്നു ഇവർക്ക്. ദാരിദ്ര്യവും അവഗണനയും നിമിത്തം നൈര്യാശ്യത്തിലായ പ്രേംകുമാർ കിടക്കയിൽ തന്നെ ജീവിതം അവസാനിപ്പിക്കുാനുള്ള ശ്രമവും നടത്തിയതോടെ മാതാവും മാനസികമായി തകർന്നു. തുടർന്ന് തന്റെയും മകന്റെയും ദുരിതാവസ്ഥ വിവരിച്ച് നല്കിയ അപേക്ഷയിൽ കളക്ടർ ഇടപെടുകയും സാമൂഹ്യ നീതി വകുപ്പിന് നിർദ്ദേശം നല്കുകയും ചെയ്തതിനെ തുടർന്ന് അടൂർ മഹാത്മ ജനസേവന കേന്ദ്രം പ്രേംകുമാറിന്റെ സംരക്ഷണം ഏറ്റെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജാഫർ ഖാന്റെ നേതൃത്വത്തിൽ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷിൽഡ എന്നിവർ സ്ഥലത്തെത്തിയാണ് ഏറ്റെടുത്തത്.