01-pampa-manal-puttu
പമ്പാ നദിയിൽ മൺപുറ്റും പുല്ലുകളും വളർന്ന നിലയിൽ. കോഴഞ്ചേരി വലിയ പാലത്തിനു സമീപം ചന്ത ക്കടവിൽ നിന്നുള്ള കാഴ്ച. പുതിയ പാലത്തിന്റെ നിർമാണവും നടക്കുന്നതു കാണാം

കോഴഞ്ചേരി: വരാനിരിക്കുന്നത് കൊടും വരൾച്ചയാകുമോ എന്ന സൂചന നൽകി പമ്പാ നദിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു തുടങ്ങി. നദിയിൽ മിക്കയിടത്തും മൺപുറ്റുകളും പാഴ്‌ചെടികളും തിങ്ങി വളർന്നു തുടങ്ങിയിട്ടുണ്ട്. നദീതീരങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി. നദീതീരത്തെ ഒട്ടനവധി ജലവിതരണ പദ്ധതികളെയും ഇത് ബാധിക്കാനാണ് സാദ്ധ്യത. വാഴക്കുന്നം നീർ പാലം മുതൽ താഴേക്ക് ആറന്മുളയിൽ ആഞ്ഞിലിമൂട്ടിൽ കടവ് പാലം വരെ നദിയിൽ വിവിധ ഇടങ്ങളിലാണ് മൺപുറ്റുകൾ ഒരാൾ പൊക്കത്തിലധികം ഉയരത്തിൽ വളർന്നു നിൽക്കുന്നത്. നദിയുടെ ഒഴുക്കിനെയും ഇത് ബാധിക്കുന്നു. എതാനും മാസം മുൻപാണ് ഈ ഭാഗങ്ങളിൽ ചെറുകിട ജലസേചന വകുപ്പിന്റെ നേത്യത്വത്തിൽ മൺപുറ്റുകൾ നീക്കം ചെയ്തത്. കഴിഞ്ഞ പ്രളയത്തിൽ നദിയിൽ രൂപപ്പെട്ട മണൽ ശേഖരവും ഇതുവരെ നീക്കം ചെയ്തിട്ടില്ല. ഇതു കാരണം വർഷകാലങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യതയും തീരങ്ങളെ ആധിയിലാഴ്ത്തുമ്പോഴാണ് വേനലിനു മുൻപേ നദി മെലിഞ്ഞുണങ്ങുന്നതും. വരാനിരിക്കുന്ന വരൾച്ചയെ നേരിടാൻ നദിയിൽ തടയണകൾ സ്ഥാപിക്കണവെന്ന ആവശ്യവും ശക്തമാകുന്നു.