അടൂർ : കെ.എസ്.ആർ.ടി.സി ഇങ്ങനെയൊക്കെ മതിയെന്നാണ് അടൂർ ഡിപ്പോ അധികൃതരുടെ മട്ട്. പല ദീർഘദൂര സർവീസുകളും പുനരാരംഭിക്കാൻ തയ്യാറാകാത്തതാണ് ഇൗ മനോഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണം.

സ്വകാര്യ ബസുകളുടെ കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അടൂർ ഡിപ്പോയിൽ നിന്ന് കൂട്ടാർ, കുമളി, ആലുവ സർവീസുകൾ നേരത്തെ ആരംഭിച്ചത്. ഇൗ റൂട്ടിൽ വർഷങ്ങളായി ശരണ്യ എന്ന സ്വകാര്യ ലിമിറ്റ്ഡ് സ്റ്റോപ്പ് ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് വിവിധ ഡിപ്പോകളിൽ നിന്ന് ടേക്ക് ഒാവർ സർവീസുകൾ ആരംഭിച്ചത്. കൊവിഡ് ആരംഭിക്കുന്നതിന് മുമ്പുതന്നെ കെ. എസ്. ആർ. ടി. സി യിലെ ചില ഉന്നതരുടെ നിർദ്ദേശപ്രകാരം യഥാസമയം സർവീസുകൾ നടത്താതെയും വൈകിയോടിച്ചും സർവീസ് ഇല്ലാതാക്കാൻ ശ്രമം നടന്നുവരികയായിരുന്നു. പിന്നാലെ കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും നാളുകളിൽപ്പെട്ട് സർവീസുകൾ നിലച്ചു. ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ കെ. എസ്. ആർ. ടി. സി തീരുമാനമെടുത്തതിന് പിന്നാലെ സ്വകാര്യ സർവീസുകളും പുനരാരാംഭിച്ചു. എന്നാൽ കെ. എസ്. ആർ. ടി. സി തീരുമാനത്തിലൊതുങ്ങിയതേയുള്ളു. ഇത് സ്വകാര്യ ബസുകൾക്കാണ് അനുഗ്രഹമായത്. ഇഷ്ടംപോലെ സർവീസ് നടത്തുകയാണ് അവർ.

സ്വകാര്യ ബസുകൾക്ക് പച്ചക്കൊടി !

സ്വകാര്യ ബസ് മേഖലയിലെ പ്രമുഖമായ ശരണ്യ ബസിന് സഹായിക്കാനാണ് അടൂർ ഡിപ്പോയുടെ നീക്കമെന്ന് പരാതിയുണ്ട്. രാവിലെ 5.55 നായിരുന്നു അടൂരിൽ നിന്ന് കുമളി കൂട്ടാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പുറപ്പെട്ടിരുന്നത്. 7.50 ന് കുമളിയിലേക്കും 7.30 ന് എരുമേലി, പൊൻകുന്നം, തൊടുപുഴ വഴി ആലുവയിലേക്കും സർവീസ് ഉണ്ടായിരുന്നു . ഇതിന്റെ തൊട്ടുപിന്നാലെ ശരണ്യയുടെ സർവീസുകളും ഉണ്ടായിരുന്നു. അമിതവേഗത്തിൽ പായുന്ന സ്വകാര്യ ബസ് കെ. എസ്. ആർ. ടി സി ബസിൽ തട്ടിയും മറ്റും ട്രിപ്പുകൾ പലപ്പോഴും മുഴക്കിയ ഒട്ടേറെ പരാതികൾ ഉണ്ടായിട്ടും ഡിപ്പോ അധികൃതർ നടപടി സ്വീകരിച്ചില്ല. ഇൗ സർവീസുകൾ പുനരാരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും പത്തനംതിട്ടയിൽ നിന്ന് ആരംഭിച്ച ഹൈറേഞ്ച് സർവീസിന് മതിയായ കളക്ഷൻ ഇല്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് അനാസ്ഥ തുടരുന്നത്. ഇത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന് പരാതിയുണ്ട്. ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലിയെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഏറെ സഹായകരാമായിരുന്നു ഇൗ സർവീസുകൾ

------------

സർവീസ് ആരംഭിച്ചത് ഹൈക്കോടതി നിർദ്ദേശപ്രകാരം

തുടക്കം മുതൽ മെല്ലെപ്പോക്ക്

കൊവിഡിന്റെ മറവിൽ സർവീസുകൾ നിറുത്തി