പത്തനംതിട്ട: നഗരസഭയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. യാതൊരു ബാദ്ധ്യതകളുമില്ലാതെ ജില്ലാ സ്റ്റേഡിയം കുറഞ്ഞ സമയത്തിനുള്ളിൽ ആധുനികമായി നവീകരിക്കും. നിലവിലുള്ള ധാരണാപത്രം അംഗീകരിച്ചു മുന്നോട്ടു പോകില്ല.
നാലരവർഷമായി സ്റ്റേഡിയം വികസനം അടക്കം പത്തനംതിട്ട നഗരത്തിൽ പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി പോലും ആരംഭിക്കാത്ത എൽ.ഡി.എഫ് സർക്കാരിൽ നിന്ന് അനുകൂലമായ ഒരു സാഹചര്യം നഗര വികസനത്തിനു പ്രതീക്ഷിക്കുന്നില്ല.
നഗരത്തിലെ മാലിന്യ പ്രശ്‌നത്തിനു ശാശ്വതമായ പരിഹാരം, കുടിവെള്ളപദ്ധതികൾ, സമ്പൂർണ ഭവനപദ്ധതി, മാർക്കറ്റ് നവീകരണം, നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ്, മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് പൂർണമായി ആധുനികവത്കരിക്കുക, പുതിയ ടൗൺ ഹാൾ, കുമ്പഴ ഉപനഗര വികസനം, തെരുവുനായ നിയന്ത്രണത്തിനായി പ്രത്യേക പദ്ധതി, ആധുനിക അറവുശാല നിർമ്മാണം തുടങ്ങിയ പദ്ധതികൾ നടപ്പാക്കും
യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഷംസുദ്ദീൻ, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.എം. ഹമീദ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അബ്ദുൾകലാം ആസാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.