പത്തനംതിട്ട: പത്തനംതിട്ട പ്രസ് ക്ളബ് സംഘടിപ്പിച്ച തദ്ദേശം 2020 സംവാദത്തിൽ പഞ്ചായത്ത് ഭരണ സംവിധാനത്തെക്കുറിച്ച് ഉയർന്നത് ശ്രദ്ധേയമായ കാഴ്ചപ്പാടുകൾ. വികസനത്തിനും ജനക്ഷേമത്തിനും ഉൗന്നൽ നൽകിവേണം പ്രവർത്തനം എന്ന് സംവാദത്തിൽ പങ്കെടുത്തുവർ വസ്തുതകൾ നിരത്തി പറഞ്ഞു.
വർഗീസ് സി. തോമസ് മോഡറേറ്ററായായിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ
സാമൂഹ്യ പ്രവർത്തക ഡോ. എം.എസ് സുനിൽ, ദിശ ഡയറക്ടർ എം.ബി ദിലീപ് കുമാർ, ജനജാഗ്രത മിഷൻ അംഗം കോശി സാമുവൽ, ജനകീയ കർഷക സമിതിയംഗം ബാലഗോപാൽ, ഹരിത, ഷാജി വി. മാത്യു എന്നിവർ സംവാദത്തിൽ പങ്കെടുത്തു.
---------------------
അഡ്വ. പിലിപ്പോസ് തോമസ്
കെ.എസ്.എഫ്.ഇ ചെയർമാൻ
ഗാന്ധിജി സ്വപ്‌നം കണ്ട ഗ്രാമസ്വരാജ് നടപ്പാവുന്നില്ല.
ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നെങ്കിലും ഭരണകൂടങ്ങൾ പഞ്ചായത്ത് രാജ് സംവിധാനത്തെ ദുർബലപ്പെടുത്തുന്നു. സ്വന്തമായി ഭൂമിയില്ലാത്ത ഭവന രഹിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് കഴിയണം. നിലവിൽ ഇത്തരം പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കാൻ പഞ്ചായത്തുകൾക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തിൽ പ്രവാസികളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെ പൊതുവായ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമ്മിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളേണ്ടവർ അത് നശിപ്പിക്കുന്നതിന് കൂട്ടുനിൽക്കുന്നു. ക്വാറി വിരുദ്ധ സമരങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കേണ്ടവർ അധികാര കേന്ദ്രങ്ങളിലെത്തിയാൽ ക്വാറികൾക്കനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിൽ സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കണം. ഗ്രാൻഡ് കാത്തിരിക്കുന്ന കേന്ദ്രങ്ങളായി ഗ്രാമപഞ്ചായത്തുകൾ മാറരുത്. നികുതി പിരിക്കാനും ചെലവഴിക്കാനും അധികാരം പഞ്ചായത്തുകൾക്ക് നൽകണം.
--------------------
ജോസഫ് എം. പുതുശേരി
മുൻ എം.എൽ.എ
പഞ്ചായത്ത് രാജ് സംവിധാനത്തിൽ കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടായി. കുടിവെള്ളം, ആരോഗ്യം, വൈദ്യുതി, സ്‌കൂൾ മേഖലകളിൽ ഇത് ദൃശ്യമാണ്. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ പദ്ധതികൾ വേണം. ഈക്കാര്യത്തിൽ ബുദ്ധിപരമായ നീക്കങ്ങളാണ് ഉണ്ടാവേണ്ടത്. ഭുരഹിതരടക്കം ഭവന രഹിതർക്ക് പാർപ്പിടങ്ങൾ കണ്ടെത്തി കൊടുക്കുന്നതിനൊപ്പം മുമ്പ് ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ നൽകിയിരുന്ന വീടുകൾ വാസ യോഗ്യമല്ലാതാവുന്നതും ശ്രദ്ധിക്കണം. ക്വാറികൾ പരിമിതപ്പെടുത്തുകയും ബദൽ സംവിധാനം കണ്ടെത്തുകയും വേണം. മദ്യലൈസൻസ് നൽകുന്നതിനുള്ള അനുവാദം പഞ്ചായത്തുകൾക്ക് തിരികെ നൽകണം. പാലിയേറ്റീവ് കെയർ സംവിധാനത്തിൽ കൂടുതൽ ഇടപെടലുകൾ പഞ്ചായത്തുകൾ ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്. വയോജനങ്ങളുടെ പുനരധിവാസവും പഞ്ചായത്തുകൾ ഉറപ്പു വരുത്തണം. കൊവിഡാനന്തര കാലത്ത് ലോകം കൈക്കുമ്പിളിൽ എന്ന സങ്കൽപ്പത്തിൽ നിന്നും വീടും പരിസരവും കേന്ദ്രമാക്കി ജീവിക്കാൻ കഴിയണം എന്ന തരത്തിലേക്ക് മാറിയിട്ടുണ്ട്. കാട്ടുപന്നിയടക്കമുള്ളവയ്ക്കെതിരേ ഫലപ്രദമായി ഇടപെടാൻ പഞ്ചായത്തുകൾക്ക് കഴിയണം. ശക്തിപ്പെടുത്തണം.
------------------------
ഡോ. ജോസ് പാറക്കടവിൽ
എഴുത്തുകാരൻ
നഗര കേന്ദ്രീകൃതമായ വികസന പ്രവർത്തനങ്ങൾ ഗ്രാമീണമേഖലകളിലേക്ക് എത്തിക്കുന്നതിന് 25 വർഷം പിന്നിട്ട പഞ്ചായത്ത് ഭരണ സംവിധാനത്തിന് സാധിച്ചു. ഭരണകൂടങ്ങൾ പഞ്ചായത്ത് രാജ് സംവിധാനത്തെ ദുർബലമാക്കുന്നു. ഹൈമാസ്റ്റ് ലൈറ്റുകളും ഇ - ടോയ്‌ലറ്റുകൾ പോലുള്ള പദ്ധതികളും പണം പാഴാക്കുന്നു. സാംസ്‌കാരിക മേഖലയിൽ ജില്ലയ്ക്ക് പ്രാധാന്യം ലഭിക്കുന്നില്ല. മലബാർ മേഖലകളിൽ പഞ്ചായത്ത് രാജ് സംവിധാനം കൂടുതൽ ഫലപ്രദമാവുന്നിതിന് കാരണം ഗ്രാമസഭകളുടെ പങ്കാളിത്തമാണ്. പഞ്ചായത്തുകളിൽ മുമ്പുണ്ടായിരുന്ന ടാഗ്(ടെക്‌നിക്കൽ അഡൈ്വസറി കമ്മിറ്റി) പുനസ്ഥാപിക്കണം.
------------
ഷാജി ആർ. നായർ
ബി.ജെ.പി ദക്ഷിണമേഖലാ ജനറൽ സെക്രട്ടറി