അടൂർ : പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള വിമത ശല്യത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്തി മൂന്നരവർഷം പിന്നിട്ടപ്പോൾ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ ഭരണം നഷ്ടമായ പഞ്ചായത്താണ് ഏറത്ത്. പൊതുവേ ഇടതുപക്ഷ ചായ് വുള്ള പഞ്ചായത്തിൽ നഷ്ടമായ ഭരണം തിരികെ പിടിക്കാൻ എൽ.ഡി.എഫ് കരുക്കൾ നീക്കുമ്പോൾ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് യു.ഡി.എഫിന്റെ നീക്കം. ഇക്കുറി ഭരണം പിടിക്കാൻ ഇരുമുന്നണികളും ജീവൻമരണ പോരാട്ടം നടത്തുമ്പോൾ ഇരുമുന്നണികൾക്കും തലവേദനയായി റിബൽശല്യം ഇവിടെ രൂക്ഷമാണ്. അതേ സമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരുവാർഡിൽ താമര വിരിയിച്ച ബി.ജെ.പി ഇക്കുറി കൂടുതൽ വാർഡുകളിൽ വിജയപ്രതീക്ഷകളോടെയുള്ള ചിട്ടയായ പ്രചാരണമാണ് നടത്തുന്നത്. എൻ.ഡി.എ ഇവിടെ ഒന്നാം വാർഡ് ഒഴിച്ച് ശേഷിച്ച 16 വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്തിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ പ്രസന്ന വിജയകുമാറായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. മൂന്ന് വർഷം പിന്നിടുമ്പോൾ പ്രസിഡന്റ് സ്ഥാനം സി.പി.എംലെ ഷൈലാ റജിക്ക് നൽകണമെന്ന ധാരണ നടപ്പിലാകാതെ പോയതോടെയാണ് വിമതനീക്കം മണത്തറിഞ്ഞ യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും രണ്ട് എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസത്തെ പിന്താങ്ങി പ്രസന്ന വിജയകുമാറിനെ തെറിപ്പിച്ചത്. ഇക്കുറി എൽ.ഡി.എഫ് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ പ്രസന്ന വിജയകുമാർ രണ്ടാം വാർഡിൽ യു.ഡി.എഫ് സ്വതന്തയായി മത്സര രംഗത്തുണ്ട്.
3,6,9,16 എന്നീ നാല് വാർഡുകളിലാണ് യു.ഡി.എഫിന് റിബൽ ഭീഷണിയെങ്കിൽ 4, 7, 8, 16, 17 വാർഡുകളിൽ എൽ. ഡി. എഫിനും കനത്ത വിമത ശല്യമുണ്ട്. മൂന്നാം വാർഡിൽ കോൺ. ഔദ്യോഗിക സ്ഥാനാർത്ഥി എം.സി.രാജുവിനെതിരേ വിമതരായി കോൺഗ്രസിലെതന്നെ ഷിബു ജോൺ,ബോബി എന്നിവർ മത്സരരംഗത്തുണ്ട്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ഐലെ രാജേഷ് ആമ്പാടിയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. ആറാം വാർഡിൽ സി.പി.എംന്റെ മുൻപഞ്ചായത്ത് പ്രസിഡന്റായിരുന്ന മറിയാമ്മ തരകനാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി. റിബലായി ജെയ്സിയുണ്ട്. ഗ്ളാഡിസാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. 9 ൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി ജയിംസിനെതിരേ സിറ്റിംഗ് മെമ്പറായ എസ്.ബിജി റിബലായുണ്ട്. സി.പി.എംലെ ജയകുമാറാണ് ഇവിടെ എൽ.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത്. 16-ാം വാർഡിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ വിമത ശല്യമുണ്ട്. സി.ഡി.എസ് ചെയർപേഴ്സൺ ഉഷാ ഉദയനാണ് ഇവിടെ സി.പി.എം സ്ഥാനാർത്ഥി. റിബലായി സുജിമോൾ മത്സരിക്കുമ്പോൾ കോൺഗ്രസിലെ ഔദ്യോഗിക സ്ഥാനാർത്ഥിയും മുൻ പഞ്ചായത്തുമെമ്പറുമായ അനിതാ കുമാരിക്ക് വിമത ഭീഷണി ഉയർത്തി കോൺഗ്രസിലെ തന്നെ ശശികല രംഗത്തുണ്ട്. സി.പി.ഐലെ ലിസി വർഗീസ് മത്സരിക്കുന്ന വാർഡ് നാലിൽ സി.പി.എം ലെ പ്രമീള റിബലായി രംഗത്തുണ്ട്. ഇവിടെ സൂസൻ ശശികുമാറാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.എംലെ ടി.ഡി സജി മത്സരിക്കുന്ന വാർഡ് എട്ടിൽ സിറ്റിംഗ് മെമ്പറായ സരസ്വതി വിമതായായി രംഗത്തുണ്ട്. അഡ്വ.രാജീവാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.വാർഡ് ഏഴിൽ സി.പി.എം ലെ രാകേഷിന് വിമത ഭീഷണി ഉയർത്തി കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയംഗം ചന്ദ്രഹാസൻ രംഗത്തുണ്ട്. ശശികുമാറാണ് ഇവിടെ യു.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത്.
- പഞ്ചായത്തിൽ മൊത്തം 17 സീറ്റ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
-എൽ.ഡി.എഫിന് 9 സീറ്റ്
-യു.ഡി.എഫിന്7
-ബി.ജെ.പിക്ക് ഒരു സീറ്റ്