തണ്ണിത്തോട്: വനം വകുപ്പിന്റെ അടവിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ തുഴച്ചിൽക്കാരുടെ തൊഴിൽ ദിനങ്ങൾ കുറച്ചതായും, ഇൻസെന്റീവ് നൽകുന്നില്ലന്നും ആരോപിച്ച് 27 കുട്ടവഞ്ചി തുഴച്ചിൽക്കാർ ചേർന്ന് കോന്നി റേഞ്ച് ഓഫീസർക്ക് പരാതി നൽകി. ദിവസ വേതനമായി 450 രൂപയും ട്രിപ്പിന് ഇൻസെന്റീവും ഇവർക്ക് ലഭിച്ചിരുന്നു. ലോക് ഡൗണിന് ശേഷം കുട്ടവഞ്ചി സവാരി പുനരാരംഭിച്ചപ്പോൾ കോന്നി റേഞ്ച് ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന തുഴച്ചിൽക്കാരുടെ യോഗത്തിൻ രണ്ട് മാസം ഇൻസന്റീവ് ഇല്ലാതെ ജോലി ചെയ്യാൻ ധാരണയായതായി പറയപ്പെടുന്നു. എന്നാൽ മൂന്ന് മാസമായി ഇൻസെന്റീവ് ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്നും ഒക്ടോബർ മുതൽ 500 രൂപ ശമ്പളത്തിൽ നിന്ന് തിരികെ പിടിക്കുന്നതായും ഇവർ പറയുന്നു. ഇവർക്ക് മുൻകാലങ്ങളിൽ ലഭിച്ചിരുന്ന തൊഴിൽ ദിനങ്ങൾ കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സമാനമായ ജോലി ചെയ്യുന്ന കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ മറ്റ് ജോലിക്കാർക്ക് മാസം മുഴുവൻ ജോലി ലഭിക്കുമ്പോൾ തങ്ങൾക്ക് കുറഞ്ഞ തൊഴിൽ ദിനങ്ങളാണ് ലഭിക്കുന്നതെന്നും ഇവർ പരാതിപ്പെട്ടു.

ജോലി ചെയ്യില്ലെന്ന്തുഴച്ചിലുകാർ

കഴിഞ്ഞ മാർച്ച് 10 മുതൽ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചപ്പോൾ അടവിയും അടച്ചിട്ടിരുന്നു. സാധാരണദിവസങ്ങളിൽ 50, 000 രൂപ മുതൽ

70,000 രൂപ വരെയായിരുന്നു ഇവിടെ നിന്ന് ലഭിച്ചിരുന്ന വരുമാനം. അവധി ദിവസങ്ങളിൽ ഒന്നര ലക്ഷം രൂപ വരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഇവിടെ സന്ദർശകരെത്തിയിരുന്നു. തൊഴിൽ ദിനങ്ങൾ തിരിച്ചു നൽകാത്ത പക്ഷം ഇന്നു മുതൽ ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്നും തുഴച്ചിൽക്കാർ പരാതിയിൽ പറയുന്നു.