അടൂർ : കഴിഞ്ഞ പഞ്ചായത്ത് കമ്മറ്റിയിലെ മൂന്ന് അംഗങ്ങളിൽ ഒരാൾ മാത്രമേ പഞ്ചായത്ത് മെമ്പറായി ഇക്കുറി ഏഴംകുളം പഞ്ചായത്തിന്റെ പടി കയറൂ. കഴിഞ്ഞ തവണ വിവിധ വാർഡുകളിൽ നിന്ന് വിജയിച്ച മൂന്നുപേർ ഒരേ വാർഡിൽ അങ്കംകുറിക്കുന്നതോടെ ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡിലെ മത്സരത്തിന് ഇക്കുറി പതിവിൽ കവിഞ്ഞ ആവേശം.കഴിഞ്ഞ തവണ മൂന്നാം വാർഡിൽ നിന്ന് വിജയിക്കുകയും ആദ്യ മൂന്ന് വർഷം പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്ത സി. പി. എം ലെ വിജു രാധാകൃഷ്ണനും രണ്ടാം വാർഡ് മെമ്പറായിരുന്ന കോൺഗ്രസിലെ മുളയ്ക്കൽ വിശ്വനാഥൻ നായരും 20-ാം വാർഡ് അംഗമായിരുന്ന ബി. ജെ. പി യിലെ എസ്. ഷീജയും തമ്മിലാണ് പോരാട്ടം . വിജു രാധാകൃഷ്ണനും മുളയ്ക്കൽ വിശ്വനാഥനും കഴിഞ്ഞ രണ്ട് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നു. ഷീജ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20-ാം വാർഡിൽ നിന്ന് 6 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജനറൽ വാർഡായിട്ടും ഷീജയെത്തന്നെ അതേ വാർഡിൽ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അനുകൂലമാകുമെന്ന വിശ്വാസമാണ് വിജു രാധാകൃഷ്ണന്.