ചെങ്ങന്നൂർ: നഗരസഭയിലെ 24-ാം ടൗൺ വാർഡ് സ്വതന്ത്രന് ബി.ഡി.ജെ എസിന്റെ പിൻതുണ. സ്ഥാനാർത്ഥികളുടെ മത്സര രംഗം ചൂട് പിടിക്കുമ്പോൾ നഗരസഭയിലെ 24ാം ടൗൺ വാർഡിലെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി സന്തോഷ് കുമാറിനാണ് ബി.ഡി.ജെ.എസ് പിൻതുണയുമായി രംഗത്തെത്തിയത്. സ്ഥാനാർത്ഥി നിർണയത്തിന്റെ ആദ്യ ഘട്ടങ്ങളിലും രണ്ടാം ഘട്ടങ്ങളിലും ബി.ഡി.ജെ എസ് ഇടഞ്ഞു നിന്നിരുന്നു. നിലവിലെ കൗൺസിലറായിരുന്ന ബി.ജെ.പിയിലെ ശ്രീദേവി ബാലകൃഷ്ണൻ ജനറൽ വാർഡായമൂന്നിലേക്ക് മാറി മത്സരിക്കുകയും പകരം മുൻധാരണ പ്രകാരം സന്തോഷ് കുമാറിനെ ബി.ജെ.പി വാർഡ് മാനേജിംഗ് കമ്മിറ്റി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ 4ാം വാർഡിലെ കൗൺസിലർ ജയകുമാറിനെ അവസാന നിമിഷം ബി.ജെ.പിയുടെ സ്ഥാനാർത്ഥിയായി മണ്ഡലം കമ്മിറ്റി പ്രഖ്യാപിക്കുകയായിരുന്നു.
ഇതേതുടർന്നാണ് സന്തോഷ് മത്സര രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം നിയോജക മണ്ഡലം ബി.ഡി.ജെ..എസ് നേതാക്കളാണ് സന്തോഷിനെ പിൻതുണ അറിയിച്ച് ക്ഷണിച്ചത്. ഇതോടെ സന്തോഷ് കുമാർ എൻ.ഡി.എയുടെ ഘടകകക്ഷിയായി മാറി.