തിരുവല്ല: തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ചും ഇന്ദു ടീച്ചർ മുന്നേറുകയാണ്. തിരുവല്ല നഗരസഭയുടെ 39 മുത്തൂർ വാർഡിലാണ് ഇന്ദു ചന്ദ്രൻ ജനവിധി തേടുന്നത്. ജന്മനാ കാലിനുള്ള സ്വാധീനക്കുറവിനെയും അവഗണിച്ചാണ് ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണം. എല്ലാവീടുകളിലും രണ്ടുതവണ വോട്ടുതേടി. കൈപിടിച്ചു കൂടെനടക്കാൻ ഭർത്താവ് രാഘേഷ് കുമാറും പിൻതുണയുമായി പ്രവർത്തകരും ഒപ്പമുള്ളപ്പോൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ടീച്ചർ പറയുന്നത്. എം.എ ബി.എഡ് ബിരുദധാരിയായ ഇന്ദു, മുത്തൂർ എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അദ്ധ്യാപികയാണ്. തിരഞ്ഞെടുപ്പിലെ തന്റെ പോരാട്ടം മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും ഇന്ദു ടീച്ചർ പറയുന്നു. സി.പി.എം നേതാവും എം.എൽ.എയുമായ കെ. സുരേഷ് കുറുപ്പിന്റെ സഹോദരി പുത്രിയാണ് ഇന്ദു. ജനിച്ചുവളർന്ന വാർഡിൽ മത്സരിക്കുന്നതിനാൽ വിജയം ഉറപ്പാണെന്നും ടീച്ചർ വിശ്വസിക്കുന്നു. മീനാക്ഷി (പ്ലസ്‌വൺ വിദ്യാർത്ഥി) ഹരികൃഷ്ണൻ(ആറാംക്ലാസ്) എന്നിവരാണ് മക്കൾ. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ഇവിടെ യു.ഡി.എഫിലെ അനിത എ.നായരും ബി.ജെ.പിയിലെ ജി. കൃഷ്ണകുമാരിയുമാണ് മറ്റ് സ്ഥാനാർത്ഥികൾ.