പത്തനംതിട്ട- മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാൽ ജലനിരപ്പ് ഉയർന്നു.
ഡാമിന്റെ പരമാവധി സംഭരണ ശേഷി 192.63 മീറ്ററാണ്. ശബരിഗിരി പവർ ഹൗസിന്റെ വൈദ്യുത ഉത്പാദന നിരക്കും കാലാവസ്ഥാ അലർട്ടുകളും പരിഗണിക്കുമ്പോൾ ഇന്ന് രാത്രി ഏഴിന് റെഡ് അലർട്ട് ലെവലായ 190.00 മീറ്ററും രാത്രി 8.30 ന് പരമാവധി സംഭരണ നിരക്കായ 192.63 മീറ്ററും എത്തുന്നതിനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ ഏതു സമയവും 50 സെന്റിമീറ്റർ വീതം ഉയർത്തേണ്ടതായി വരും.
ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നതു മൂലം കക്കാട്ടാറിൽ 30 സെന്റിമീറ്റർ വരെ ജല നിരപ്പ് ഉയരാവുന്നതാണ്. പ്രദേശവാസികളും, ശബരിമല തീർഥാടകരും നദിയിൽ ഇറങ്ങുന്ന സാഹചര്യം ഒഴിവാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു.