
പത്തനംതിട്ട: തെളിഞ്ഞ മാനത്ത് കരിമേഘങ്ങൾ പടർന്നാൽ പേമാരിയുറപ്പ്. അപ്രതീക്ഷിത അടിയൊഴുക്കുകൾ നദികളിൽ സ്വാഭാവികവും. രാഷ്ട്രീയവും അതുതന്നെ. ചിലപ്പോൾ കലങ്ങി മറിയും, മറ്റൊരിക്കൽ തളിയും. പത്തനംതിട്ട ജില്ലയ്ക്ക് വയസ് 38 ആയിട്ടേയുള്ളൂ. ജില്ല പിറന്ന നാൾ മുതൽ തങ്ങൾക്കൊപ്പമെന്നാണ് യു.ഡി.എഫിന്റെ വാദം. അത് പണ്ടാണെന്ന് എൽ.ഡി.എഫ് പറയും. ജില്ലയിലെ അഞ്ച് എം.എൽ.എമാരും ഇടത്താണ്. ഗ്രാമങ്ങളിലും മേൽക്കൈയുണ്ട്. ബ്ളോക്കുകളിലും നഗരസഭകളിലും ഒപ്പത്തിനൊപ്പം. ഇരു കൂട്ടർക്കുമിടയിലൂടെ നുഴഞ്ഞു കയറാനാണ് എൻ.ഡി.എയുടെ ശ്രമം.
 വലതിന് വലുത്, ഇടതിന് ചെറുത്
1995ൽ നിലവിൽ വന്ന ജില്ലാ പഞ്ചായത്തായത്തിൽ എൽ.ഡി.എഫ് ഭരണ പിടിച്ചത് 2005ൽ മാത്രം. ഇരുപത് വർഷത്തെ തങ്ങളുടെ ഭരണത്തിൽ നടപ്പാക്കിയ വികസനവും ഭരണമികവും നേട്ടങ്ങളും കാണിച്ചാണ് യു.ഡി.എഫിന്റെ പ്രചാരണം. ഒപ്പം സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളും അന്വേഷണങ്ങളും എണ്ണിപ്പറഞ്ഞ് രാഷ്ട്രീയ ആയുധത്തിനും മൂർച്ച കൂട്ടിയിട്ടുണ്ട്. അതിനിടെ റാന്നി ഡിവിഷനിൽ റിബലായ കോൺഗ്രസ് നേതാവ് യു.ഡി.എഫിന് തലവേദനയുമായി.
എന്നാൽ ഭരണം പിടിക്കാൻ മുതിർന്ന നേതാക്കളെയാണ് എൽ.ഡി.എഫ് കളത്തിലിറക്കിയത്. നിയമസഭാ മണ്ഡലങ്ങൾ ചുവന്നതിന്റെ പിൻബലവും അവർക്കുണ്ട്. എൽ.ഡിയഎഫിലത്തിയ കേരളകോൺഗ്രസ് ജോസ് വിഭാഗത്തിന് രണ്ടു സീറ്റുകൾ നൽകിയതിലൂടെ ദുർബലമായ മേഖലകളിൽ നേട്ടം കൊയ്യാമെന്നും പ്രതീക്ഷയുണ്ട്. ജില്ലാ പഞ്ചായത്തിൽ അക്കൗണ്ട് തുറക്കാനുള്ള കഠിനാദ്ധ്വാനത്തിലാണ് എൻ.ഡി.എ.
 മുഖംമാറിയ നഗരങ്ങളും ഗ്രാമങ്ങളും
ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും എൽ.ഡി.എഫാണ് ഭരിക്കുന്നത്. കോൺഗ്രസിലെ ആഭ്യന്തര കലഹത്തിൽ ഭരണം നഷ്ടമായ മൂന്ന് പഞ്ചായത്തുകളും കൂട്ടത്തിലുണ്ട്. നാല് നഗരസഭകളിൽ രണ്ട് വീതം യു.ഡി.എഫും എൽ.ഡി.എഫും ഭരിക്കുന്നു. എട്ട് ബ്ളോക്കുകളിൽ നാല് വീതം ഇരു മുന്നണികളും പങ്കിട്ടു. കേരളകോൺഗ്രസ് എം യു.ഡി.എഫ് വിട്ടതോടെ എൽ.ഡി.എഫ് ഭരണം അഞ്ചിടത്തായി. മൂന്ന് പഞ്ചായത്തുകൾ ഭരിച്ച എൻ.ഡി.എ വലിയ മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.
 പോരിന് പുതുമുഖങ്ങൾ
പുതുമുഖങ്ങൾക്കും വിദ്യാർത്ഥികൾക്കും ഗ്ളാമറിനും പ്രാധാന്യം നൽകിയായിരുന്നു സ്ഥാനാർത്ഥി നിർണയം. ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വിബിതാ ബാബുവിന്റെ ഗ്ളാമർ വേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ഇടതുമുന്നണിയുടെ രേഷ്മ മറിയം റോയി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മത്സരിക്കുന്നു. കൊടുമൺ ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥി അശ്വതി സുധാകർ വിദ്യർത്ഥിനിയാണ്.
ജില്ലാ പഞ്ചായത്ത് ആകെ സീറ്റ്-16
യു.ഡി.എഫ്-10
എൽ.ഡി.എഫ്-6
നഗരസഭകൾ-4
യു.ഡി.എഫ്- 2, എൽ.ഡി.എഫ്- 2
ബ്ളോക്കുകൾ 8
എൽ.ഡി.എഫ്-5, യു.ഡി.എഫ്-3
ഗ്രാമ പഞ്ചായത്തുകൾ 53
എൽ.ഡി.എഫ്-25, യു.ഡി.എഫ്-21, ബി.ജെ.പി- 3
എൽ.ഡി.എഫ്-യു.ഡി.എഫ് 4