
പത്തനംതിട്ട: ഇൗ തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിദ്ധ്യമാണ് എൻ.ഡി.എ. ബി.ജെ.പിയും ബി.ഡി.ജെ.എസുമായി ചേർന്ന് മുന്നണി സംവിധാനമായി മാറിയ ശേഷമുള്ള ആദ്യ ത്രിതല തിരഞ്ഞെടുപ്പ്. എൻ.ഡി.എയുടെ സാദ്ധ്യതകളെപ്പറ്റി ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ സംസാരിക്കുന്നു.
? എൻ.ഡി.എയുടെ പ്രതീക്ഷകൾ
സംസ്ഥാനത്തെ സാഹചര്യം പോലെ ജില്ലയിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. പക്ഷെ, ഏറ്റവും നിസഹായരും ദുർബലരും എൽ.ഡി.എഫാണ്. സി.പി.എമ്മിന്റെ സംഘടനാ സംവിധാനം ശക്തമായ സ്ഥലങ്ങളിൽ മാത്രമേ നല്ല മത്സരത്തിന്റെ അന്തരീക്ഷമുള്ളൂ. മുന്നണി മാറി വന്ന കേരളകോൺഗ്രസ് ജോസ് വിഭാഗമാണ് വീഴാൻ പോകുന്ന സി.പി.എമ്മിനെ താങ്ങി നിറുത്തുന്നത്. ഇൗ തിരഞ്ഞെടുപ്പോടെ കോൺഗ്രസിന്റെയും പ്രസക്തിയില്ലാതാകും.
? നിലവിലെ അംഗബലത്തിൽ നിന്ന് എത്രമാത്രം മുന്നേറും.
നിലവിൽ 113 ജനപ്രതിനിധികളാണ് എൻ.ഡി.എയ്ക്ക് ജില്ലയിലുള്ളത്. ഇത് 300 - 350 എന്ന കണക്കിൽ ഉയരും. പന്ത്രണ്ട് പഞ്ചായത്തുകൾ ഭരിക്കും. പന്തളം നഗരസഭയിൽ ഭരണം പിടിക്കും. മറ്റ് നഗരസഭകളിൽ അംഗബലം ഉയരും. ജില്ലാ പഞ്ചായത്തിൽ ഒന്നിലേറെ അംഗങ്ങളുണ്ടാകും.
? ശക്തരായ രണ്ട് മുന്നണികളുടെ വെല്ലുവളികളെ എങ്ങനെ അതിജീവിക്കും.
നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളാണ് ഞങ്ങൾ ജനങ്ങളുടെ മുന്നിൽ നിരത്തുന്നത്. കേന്ദ്രപദ്ധതികൾ പേരുകൾ മാറ്റിയാണ് ഇവിടെ നടപ്പാക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമുണ്ട്. ശൗചാലയം, വീട്, ജൽധാര കുടിവെള്ള വിതരണം തുടങ്ങി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതികൾക്കുള്ള ഫണ്ടുപയോഗിച്ച് പേര് മാറ്റി ഇവിടെ നടപ്പാക്കുകയാണ്. സംസ്ഥാന സർക്കാരിന് എന്തെങ്കിലും നേട്ടങ്ങൾ ഉള്ളതായി പറയാൻ എൽ.ഡി.എഫിന് ഒന്നുമില്ല. സ്വർണ്ണക്കൊള്ളയും അഴിമതിയും കാരണം നേതാക്കൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ല. മറുവശത്ത് യു.ഡി.എഫ് നടത്തിയ അഴിമതികളും വോട്ടർമാരുടെ മനസിലുണ്ട്. ഇതെല്ലാം എൻ.ഡി.എയ്ക്ക് അനുകൂല ഘടകങ്ങളാണ്.
? പല വാർഡുകളിലും ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ല.
ചിലയിടങ്ങളിൽ പ്രചരണ രംഗത്തുമില്ല.
കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സ്ഥാനാർത്ഥികൾ ഇത്തവണയുണ്ട്. ബി.ജെ.പി തീർത്തും ദുർബലമായ 64 വാർഡുകളിൽ സ്ഥാനാർത്ഥികളില്ല. കൂടുതലും നഗരസഭകളിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇൗ വാർഡുകളിൽ നിന്ന് വോട്ടു ലഭിച്ചിട്ടുണ്ടെങ്കിലും അവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കുറഞ്ഞത് 10 പ്രവർത്തകർ ഉള്ള വാർഡുകളിൽ സ്ഥാനാർത്ഥികളുണ്ട്. പ്രചരണം എല്ലായിടത്തുമുണ്ട്.
? റിബലുകൾക്കതിരായ നടപടി.
17 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തിരുവല്ല, ആനിക്കാട‌്, കവിയൂർ മേഖലകളിലാണ് റിബലുകൾ രംഗത്തുവന്നത്.