sv-sreekumar

ആറന്മുള: 'കാലവാഹിനിയായ ചരിത്രത്തെ ലോകയിടങ്ങളിൽ ചേർത്തുവച്ച നമ്മുടെ നാട് . ആറന്മുളയെന്ന പൈതൃക ഗ്രാമം. ഈ നാടിന്റെ പച്ചമണ്ണിൽ നിന്ന് നിങ്ങളുടെ ഇടയിലേക്ക് നിങ്ങളിൽ ഒരാളായി നിലകൊള്ളാൻ നമ്മുടെ പ്രിയ സ്ഥാനാർത്ഥി ഇതാ കടന്നു വരുന്നു'... ആറന്മുള ഗ്രാമത്തെയും പമ്പാ നദിയെയും വലം ചുറ്റി ഒരു അനൗൺസ്‌മെന്റ് വാഹനം സഞ്ചരിക്കുകയാണ്. സ്പീക്കറിൽ നിന്ന് പുറംതള്ളുന്ന ശബ്ദത്തിന് നല്ലമുഴക്കം. ഒപ്പം വാക്കുകളുടെ ഇടതടവില്ലാത്ത ഒഴുക്കും. ആരായാലും ഒന്നു കേട്ടുനിന്നുപോകും.
കോട്ട ഗ്രാമത്തിലെ പത്രം ഏജന്റും മുൻ പഞ്ചായത്ത് അംഗവുമായ എസ്.വി. ശ്രീകുമാറാണ് സ്ഥാനാർത്ഥികൾക്കായി ശബ്ദമുയർത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറിയതോടെ രാഷ്ട്രീയം നോക്കാതെ സ്ഥാനാർത്ഥികൾക്ക് വേണ്ടി ശബ്ദപ്രചാരണം നടത്തുന്ന തിരക്കിലാണ് ശ്രീകുമാർ.
കഴിഞ്ഞ 2 തവണ ആറൻമുള പഞ്ചായത്ത് 14ാം വാർഡിനെ പ്രതിനിധീകരിച്ചു. സീരിയൽ താരം രജിത്രയും ശബ്ദ സാന്നിദ്ധ്യമായി കൂടെയുണ്ട്. ഇതുവരെ 10 ൽ അധികം സ്ഥാനാർത്ഥികൾക്ക് വേണ്ടി വാഹനത്തിൽ മുഴങ്ങുന്ന ശബ്ദമായി ഇരുവരും മാറിക്കഴിഞ്ഞു.

ആധുനിക സാങ്കേതിക വിദ്യ നിറഞ്ഞ റെക്കാർഡിംഗ് സവിശേഷതയോടെയാണ് ശ്രീകുമാറിന്റെ ശബ്ദമുഴക്കം. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ മുൻ കൗൺസിലർ കൂടിയാണ്. 2014ൽ നടന്ന ഈഴവ മഹാസംഗമത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രചാരണ സിഡിയിലെ അവതാരകൻ കൂടിയാണ് ശ്രീകുമാർ.