ldf

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോട‌െ വിജയപ്രതീക്ഷ എത്രത്തോളമുണ്ടെന്ന വിലയിരുത്തൽ എൽ.ഡി.എഫ് തുടങ്ങി. പ്രചാരണം ഏതൊക്കെ വഴിയിലൂടെ മുന്നേറണം, എവിടെ തിരുത്തണം എന്നീ കാര്യങ്ങളിലെ മാർഗോപദേശകരിൽ പ്രമുഖനാണ് സി.പി.െഎ ജില്ലാ സെക്രട്ടറി എ.പി.ജയൻ. എൽ.ഡി.എഫിന്റെ സാദ്ധ്യതകളെപ്പറ്റി...

? ആത്മവിശ്വാസം നൽകുന്ന ഘടകങ്ങൾ.

ഇത് എൽ.ഡി.എഫ് ജില്ലയാണ്. എം.എൽ.എമാർ എല്ലാം എൽ.ഡി.എഫിന്റേത്. പഞ്ചായത്തുകൾ കൂടുതലും എൽ.ഡി.എഫ് ഭരിക്കുന്നു. ബ്ളോക്കുകളിലും നഗരസഭകളിലും പകുതിയും എൽ.ഡി.എഫിന്റേത്. ജില്ല യു.ഡി.എഫ് കോട്ടയെന്ന് മേനി പറഞ്ഞു നടക്കാൻ അവരുടെ കൈയിൽ എന്താണുള്ളത്?. അവർക്ക് ആകെയുള്ളത് ജില്ലാ പഞ്ചായത്താണ്. അത് ഇൗ തിരഞ്ഞെടുപ്പോടെ എൽ.ഡി.എഫിനൊപ്പമാകും. അച്ചടക്കത്തോടെയും ശാസ്ത്രീയവുമായ തിരഞ്ഞെടുപ്പ് പ്രവർത്തനമാണ് എൽ.ഡി.എഫിന്റേത്.

ഏറ്റവും മികച്ച സ്ഥാനാർത്ഥികളെയാണ് ഞങ്ങൾ രംഗത്ത് ഇറക്കിയത്.

? വിജയസാദ്ധ്യതകൾ എങ്ങനെ.

ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി ഭരിക്കും. 40 ഗ്രാമ പഞ്ചായത്തുകൾ നേടും. നാല് നഗരസഭകളും ഇക്കുറി ഇടതു മന്നണിക്ക് ലഭിക്കും. ബ്ലോക്കുകളിൽ ഭൂരിപക്ഷവും ഭരിക്കും.

? യുവസ്ഥാനാർത്ഥികളെ രംഗത്തിറക്കാൻ കാരണം.

നാട്ടിലെ ജനക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളായവരെയാണ് സ്ഥാനാർത്ഥികളാക്കിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിൽ ഭക്ഷണവും മരുന്നും എത്തിക്കാനും സാമൂഹിക അടുക്കളകൾ നടത്താനും ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ യുവാക്കളാണ് രംഗത്തുണ്ടായിരുന്നത്. അവരെ ജനങ്ങൾ അംഗീകരിക്കും. ദുരന്തകാലങ്ങളിൽ യു.ഡി.എഫും ബി.ജെ.പിയും കാഴ്ചക്കാരായിരുന്നു.

? സീറ്റ് വിഭജനത്തിൽ സി.പി.െഎ തൃപ്തരാണോ.

വലിയ തർക്കങ്ങൾ ഉണ്ടായിട്ടില്ല. കോഴഞ്ചേരി പഞ്ചായത്തിലെ സീറ്റ് വിഭജനത്തിലാണ് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത്. അത് പരിഹരിച്ചു. ജില്ലാ പഞ്ചായത്തിൽ 3, നഗരസഭകളിൽ 25, ബ്ളോക്കുകളിൽ 25, ഗ്രാമ പഞ്ചായത്തുകളിൽ 165 എന്നിങ്ങനെയാണ് സി.പി.െഎ മത്സരിക്കുന്ന സീറ്റുകൾ.

? സംസഥാന സർക്കാരിനെതിരായ ആരോപണങ്ങൾ എങ്ങനെ ബാധിക്കും.

ആരോപണങ്ങളേക്കാൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങളാണ് വോട്ടർമാർ ചർച്ച ചെയ്യുന്നത്. ക്ഷേമ പദ്ധതികൾ, ആരോഗ്യ ഇൻഷുറൻസ്, കാർഷിക രംഗത്തെ ഇടപെടൽ, കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ചെയ്ത കാര്യങ്ങളാണ് ജനങ്ങളുടെ മനസിലുള്ളത്.

? യു.ഡി.എഫ്, എൻ.ഡി.എ വെല്ലുവിളികൾ.

ജില്ലയിൽ പല ഭാഗത്തും യു.ഡി.എഫും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. എഴുപതോളം സ്ഥലങ്ങളിൽ ബി.ജെ.പിക്ക് സ്ഥാനാർത്ഥികളില്ല. ഇവിടെ അവർ യു.ഡി.എഫുമായി ധാരണയിലാണ്. മുങ്ങിത്താഴുന്ന കപ്പലായ യു.ഡി.എഫും ജനസ്വാധീനമില്ലാത്ത ബി.ജെ.പിയുമാണ് എൽ.ഡി.എഫിന്റെ എതിരാളികൾ. ജില്ല ഞങ്ങൾക്കൊപ്പം നിൽക്കും.