തിരുവല്ല: ബുവേറി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവല്ല താലൂക്കിൽ ശനിയാഴ്ച വരെ ജാഗ്രതാ നിർദ്ദേശം.താലൂക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന പമ്പ, മണിമല നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് തഹസിൽദാർ അറിയിച്ചു. മരങ്ങളുടെ താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും ജനങ്ങൾ കൂട്ടംകൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റിന്റെ മുൻ കരുതൽ നടപടിയുടെ ഭാഗമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 119 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. ഏത് അടിയന്തര ഘട്ടവും നേരിടാൻ എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും അടക്കമുള്ള സേനാ വിഭാഗങ്ങളും ആരോഗ്യ പ്രവർത്തകരും പൂർണ സജ്ജമാണെന്ന് തഹസിൽദാർ പി.ജോൺ വർഗീസ് പറഞ്ഞു.