മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കാശുപത്രിക്ക് കിഫ്ബിയിൽ നിന്നും 34.50കോടി രൂപാ അനുവദിച്ച് ഉത്തരവായി.ഭരണ സാങ്കേതിക അനുമതിയും പരിസ്ഥിതി ആഘാതപഠന റിപ്പോർട്ടും സമർപ്പിച്ച പദ്ധതിയാണിത്. നവംബർ 4ന് ചേർന്ന കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് തുക ലഭ്യമാക്കിയത്. സംസ്ഥാന വൈദ്യുതിബോർഡ് സിവിൽ എൻജിനീയറിംഗ് വിഭാഗമാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കി നിർമ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ളത്.
രണ്ടേക്കർ സ്ഥലമാണ് ഇവിടെ നിലവിലുള്ളത്. പഴയതും ഉപയോഗശൂന്യവുമായ ഏഴുചെറിയ കിട്ടിടങ്ങൾ പൊളിച്ചു നീക്കും. പുതിയ കെട്ടിടത്തിന് ഗ്രൗണ്ട് ഫ്‌ളോറിന് പുറമേ അഞ്ച് നിലകളും ടെറസുമാണ് നിർമ്മിക്കുന്നത്. 24874 സ്‌ക്വയർ മീറ്ററിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. വൈദ്യുതി ആവശ്യങ്ങൾക്കായി 750 കെവി ട്രാൻസ്‌ഫോർമർ സ്ഥാപിക്കും. ആധുനിക സൗകര്യങ്ങളോടെ മെഡിക്കൽ ഉപകരണങ്ങളും സ്ഥാപിക്കും. ഗ്രൗണ്ട് ഫ്‌ളോറിൽ പരിശോധനാമുറികൾ, ജീവനക്കാരുടെ വിശ്രമസ്ഥലം, പാലിയേറ്റീവ് കെയർ യൂണിറ്റ് തുടങ്ങിയവയും ഒന്നാം നിലയിൽ രജിസ്‌ട്രേഷൻ, ഫാർമസി, സർജറി തുടങ്ങിയവയും രണ്ടാം നിലയിൽ മെഡിക്കൽ സൂപ്രണ്ട്, ലാബ്, പതോളജി വിഭാഗങ്ങളും ക്രമീകരിക്കും.3ാം നിലയിൽ വിവിധ പരിശോധനാ മുറികൾ, വാർഡുകൾ എന്നിവയും 4ാം നിലയിൽ തീവ്ര പരിചരണ വിഭാഗം ഡയാലിസിസ്, വെയിറ്റിംഗ് റൂം അഞ്ചാം നിലയിൽ പേവാർഡ് കൂട്ടിരുപ്പുകാർക്കുള്ള ക്രമീകരണങ്ങൾ നേഴ്‌സിംഗ് സ്റ്റേഷൻ എന്നിവയും ഉണ്ടാകും. ടെറസിൽ മെഷീന്റൂം, അനുബന്ധ ക്രമീകരണങ്ങളും ഉണ്ടാകും.ചുറ്റുമതിൽ, സിസിടിവി. കാമറാ അഗ്‌നിശമന ക്രമീകരണങ്ങൾ എന്നിവയുണ്ടാകും.

ആശുപത്രി ഉപകരണങ്ങൾക്കായി മറ്റൊരു ഒൻപത് കോടി രൂപ കൂടി കിഫ്ബി ഉൾക്കോള്ളിച്ചിട്ടുള്ളതായും സമയബന്ധിതമായി നിർമ്മാണ ജോലികൾ പൂർത്തീകരിക്കുവാൻ ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

അഡ്വ.മാത്യു ടി.തോമസ്

(എം എൽ എ)