ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. നഗരസഭയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതി രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. ശുചിത്വ നഗരം പദ്ധതി നടപ്പാക്കി നഗരം മാലിന്യ മുക്തമാക്കുകയും സൗന്ദര്യവത്കരണം യാഥാർത്ഥ്യമാക്കുകയും ചെയ്യും.സജി ചെറിയാൻ എം.എൽ.എ മുൻകൈ എടുത്ത് പാണ്ടനാട് പഞ്ചായത്തിൽ സ്ഥാപിക്കുന്ന പൊതുശ്മശാനം ചെങ്ങന്നൂർ നിവാസികൾക്കു കൂടി പ്രയോജനം ലഭ്യമാക്കും.നഗരസഭ ആയുർവേദ കെട്ടിട നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കും. നഗരസഭാ പരിധിക്കുള്ളിലെ എല്ലാ റോഡുകളും സഞ്ചാരയോഗ്യമാക്കും.ശാസ്താംപുറം ചന്തയുടെ പഴയകാല പ്രതാപം വീണ്ടെടുക്കും. ലൈഫ്മിഷൻ പദ്ധതിയിൽ 90 ലക്ഷം രൂപ ലാപ്‌സാക്കിയ നഗരസഭയുടെ പോരായ്മകൾ പരിഹരിച്ച്, ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകും. അയ്യൻകാളി തൊഴിലുറപ്പു പദ്ധതിയുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കും. കുടുംബശ്രീ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കും. ഉറവിട മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതി തയാറാക്കും.എല്ലാ വാർഡുകളിലും ഹരിത കർമ്മ സേന രൂപീകരിക്കും. തൊഴിൽ അന്വേഷകരുടെ ഡാറ്റാബേസ് രൂപീകരിച്ച് തൊഴിൽ ഉറപ്പാക്കും. തെരുവുവിളക്കുകൾ കാര്യക്ഷമമാക്കുന്നതിനോടൊപ്പം അഞ്ചു വർഷത്തിനുള്ളിൽ എല്ലാ തെരുവുവിളക്കുകളും സോളാർ സംവിധാനത്തിലേക്ക് മാറ്റും. പട്ടികജാതി വികസന ഫണ്ട് ലാപ്‌സാക്കാതെ പൂർണമായി ഉപയോഗിക്കും.ദുരന്തനിവാരണത്തിന് യുവജനങ്ങളുടെ സന്നദ്ധ സേന രൂപീകരിക്കും. ടൗൺ ഹാൾ നിർമ്മിക്കും തുടങ്ങിയ ജനകീയ ആവശ്യങ്ങളാണ് പ്രകടനപത്രിയിൽ അവതരിപ്പിക്കുന്നതെന്ന് എൽ.ഡി.എഫ് നഗരസഭ തിരെഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം.കെ മനോജ് പറഞ്ഞു.