04-riya-susan-vargehse
1. ഫോട്ടോ: റിയാസൂസൻ വർഗീസ് (എൽ.ഡി.എഫ് )

ചെങ്ങന്നൂർ: കോളേജ് വിദ്യാർത്ഥിനിയും നിലവിലെ കൗൺസിലറും തമ്മിലുള്ള നേർക്കുനേർ പോരാട്ടം ചെങ്ങന്നൂർ നഗരസഭ മലയിൽ 15ാം വാർഡിനെ ശ്രദ്ധേയമാക്കുന്നു.സിറ്റിംഗ് കൗൺസിലറും നഗരസഭാ മുൻ ചെയർപേഴ്‌സണുമായ കോൺഗ്രസിലെ ശോഭാ വർഗീസ് ആണ് ഇവിടെ യു.ഡി.എഫ് സ്ഥാനാർഥി. കേരളാ സർവകലാശാല എം.കോം വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകയുമായ റിയാസൂസൻ വർഗീസി (23) നെയാണ് ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തിറക്കിയിരിക്കുന്നത്. ശോഭാ വർഗീസ് 15 വർഷം തുടർച്ചയായി വിവിധ വാർഡുകളെ പ്രതിനിധീകരിച്ച് മുനിസിപ്പൽ കൗൺസിലറാണ്. നിലവിൽ അങ്ങാടിക്കൽ 14ാം വാർഡിന്റെ സിറ്റിംഗ് മെമ്പറാണ്. 2010 ൽ ഇപ്പോഴത്തെ മലയിൽ വാർഡിനെയും പ്രതിനിധീകരിച്ചിരുന്നു. എന്നാൽ അതിനിടെ ശ്രദ്ധേയമായ മറ്റൊരു സംഭവവും ശോഭയുടെയും റിയ സൂസന്റെയും തിരഞ്ഞെടുപ്പോർമ്മയിൽ ഉണ്ട് . 2005ൽ ഈ പ്രദേശം പഴയ എട്ടാം വാർഡായിരുന്നപ്പോൾ ഇവിടെ നടന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച ശോഭാ വർഗീനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് റിയ സൂസന്റെ അമ്മ ജിജി വർഗീസായിരുന്നു. അന്ന് കേവലം 38 വോട്ടുകൾക്കാണ് , ജിജി വർഗീസ്, ശോഭയോട് പരാജയം ഏറ്റുവാങ്ങിയത്. എൽ.ഡി.എഫിലെ ജനതാദൾ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ജിജി. അങ്ങനെ അമ്മയെ തോൽപ്പിച്ച അതേ സ്ഥാനാർത്ഥിക്കെതിരെ വർഷങ്ങൾക്കു ശേഷം മകൾ മത്സരിക്കുന്നു എന്ന പ്രത്യേകതയും റിയയുടെ സ്ഥാനാർത്ഥിത്വത്തിനുണ്ട്.

വികസനമാണ് ലക്ഷ്യം

റിയ ഈ മത്സരത്തിൽ ഒരു എതിരാളിയായല്ല യു.ഡി.എഫ് സ്ഥാനാർത്ഥിയെ കാണുന്നത്. മറിച്ച് കഴിഞ്ഞ 40 വർഷത്തെ തുടർച്ചയായുള്ള യു.ഡി.എഫ് ഭരണം മലയിൽ വാർഡിനെയും വിശേഷിച്ച് നഗരസഭയുടെ മൊത്തത്തിലുള്ള വികസനത്തെയും പിന്നോട്ടടിച്ചതിനുള്ള പരിഹാരം കാണുകയെന്ന രാഷ്ട്രീയ ലക്ഷ്യം നിറവേറ്റുകയാണ് ഇത്തവണത്തെ മത്സരത്തിലൂടെയെന്ന് റിയ പറയുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് റിയ സൂസൻ കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കിയത്. അക്കാലത്തേ വിദ്യാർത്ഥി രാഷ്ട്രീയത്തിയത്തിൽ പ്രവേശിച്ച റിയ എസ്.എഫ് ഐ യുടെ സജീവ പ്രവർത്തകയും ക്ലാസ് പ്രതിനിധിയുമായിരുന്നു. ഒരു നല്ല പ്രാസംഗികയുമാണ്. ഇക്കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഇക്കുറി രേഖപ്പെടുത്തുന്ന കന്നി വോട്ട് തനിക്കു തന്നെയാണെന്നുള്ളത് എറെ ചാരിതാർത്ഥ്യവും സന്തോഷവും ഉണ്ടാക്കുന്ന അനുഭവമാണെന്നും റിയ പറയുന്നു. അങ്ങാടിക്കൽ കല്ലാത്ത് വീട്ടിൽ റോയ് ജേക്കബാണ് റിയയുടെ പിതാവ്. ശോഭാ വർഗീസ് നിലവിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗമാണ്.