അടൂർ : ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിലേത്. വലതുപക്ഷത്തെ സ്വീകരിച്ച ചരിത്രവുമുണ്ട്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലെയും തുടർച്ചയായ വിജയം ഇക്കുറിയും ആവർത്തിക്കുമെന്ന ആത്മവിശ്വാസമാണ് എൽ. ഡി. എഫിന്. ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് യു. ഡി. എഫ്. ഇരുമുന്നണികൾക്കുമൊപ്പം എൻ. ഡി. എ യേയും ഒപ്പമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ ഒരു വാർഡിൽ ബി. ജെ. പി സ്ഥാനാർത്ഥി വിജയിച്ചെങ്കിൽ ഇക്കുറി കൂടുതൽ വാർഡുകളിൽ വിജയം പ്രതീക്ഷിച്ചാണ് എൻ. ഡി. എയുടെ മത്സരം. മൂന്ന് മുന്നണികളും പോരാട്ടം ഇഞ്ചോടിഞ്ച് കനപ്പിച്ചതോടെ ഏഴംകുളത്ത് മത്സരം കൊടുമ്പിരിക്കൊണ്ടു. എൽ. ഡി. എഫിന് രണ്ട് വാർഡുകളിലും യു. ഡി. എഫിന് ഒരു വാർഡിലും വിമതരുണ്ട്. യു. ഡി. എഫിന് ഒരു വാർഡിൽ രണ്ട് അപരന്മാരുമുണ്ട്. വികസന തുടർച്ചയ്ക്ക് വേണ്ടിയാണ് എൽ. ഡി. എഫ് വോട്ട് ചോദിക്കുന്നത്.

---------------

ഇടങ്കോലിടുമോ റിബലുകൾ ?

2, 11 വാർഡുകളിലാണ് എൽ. ഡി. എഫിന് വിമിത ശല്യമുള്ളത്. വാർഡ് രണ്ടിൽ രജിത ജയ്സണാണ് സി. പി. എം സ്ഥാനാർത്ഥി. പാർട്ടി മെമ്പറായ സുജാത റിബലായി മത്സരിക്കുന്നു.മറിയാമ്മ റെജി, സുധ എന്നിവരാണ് ഇവിടെ യഥാക്രമം കോൺഗ്രസ്, എൻ. ഡി. എ സ്ഥാനാർത്ഥികൾ.വാർഡ് 19 ൽ സി. പി. ഐ ലെ ബേബി ലീനയ്ക്കെതിരെ സി. പി. എമ്മിലെ പ്രസാദ് റിബൽഭീഷണിയുമായി രംഗത്തുണ്ട്. സിറ്റിംഗ് മെമ്പറായ കോൺഗ്രസിലെ ലേഖ കുമാരിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി. കെ. രവീന്ദ്രൻ നായർ ബി. ജെ. പി സ്ഥാനാർത്ഥിയായി രംഗത്തുണ്ട്. ഏനാത്ത് ടൗൺ വാർഡായ 12 ലാണ് യു. ഡി. എഫിന് ശക്തമായ റബൽ സാന്നിദ്ധ്യമുള്ളത്. ഇൗ വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് നൽകിയത്. ജോബി യോഹന്നാനാണ് യു. ഡി. എഫ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ എച്ച്. ആർ. നവാസാണ് വാർഡ് ഘടകക്ഷിക്ക് നൽകിയതിനെ ചോദ്യം ചെയ്ത് മത്സര രംഗത്ത് എത്തിയത്. സി. പി. ഐ നേതാവും ഏനാത്ത് സർവീസ് സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗവുമായ വിനോദ് തുണ്ടത്തിലാണ് എൽ. ഡി. എഫിനെ പ്രതിനിധീകരിക്കുന്നത്. ലീലാമ്മ സാമാണ് ബി. ജെ. പി സ്ഥാനാർത്ഥി. 5 പേർ മത്സര രംഗത്തുള്ള ആറാം വാർഡിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ . ഇവിടെ മത്സരിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീദേവി ബാലകൃഷ്ണന് അപരകളായി ശ്രീദേവിയമ്മ, ശ്രീദേവി എന്നിവർ സ്വതന്ത്രരായി രംഗത്തുണ്ട്. എൽ. ഡി. എഫിലെ ലാലാ സജിയും എൻ. ഡി. എ യിലെ ഉഷാ കുമാരിയും മത്സരരംഗത്തുണ്ട്

------------------

എൽ.ഡി.എഫ്

കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തുകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ, 90 ശതമാനം പദ്ധതിവിനിയോഗം, ആരോഗ്യ - വിദ്യാഭ്യാസ രംഗത്തെ നോട്ടങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിലെ പ്രവർത്തമികവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് വോട്ട് തേടുന്നത്. മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ യു. ഡി. എഫിൽ സ്ഥാനാർത്ഥികളാണ്. 20 വാർഡുകളിൽ 3, 4 വാർഡുകൾ ഒഴിച്ച് എൻ. ഡി. എയ്ക്ക് സ്ഥാനാർത്ഥികളുണ്ട്.

യു. ഡി. എഫ്

തുടർച്ചയായി എൽ. ഡി.എഫ് ഭരിച്ചിട്ടും പഞ്ചായത്തിൽ വികസന മുന്നേറ്റമില്ലെന്നതാണ് യു. ഡി.എഫി ന്റെ പ്രചാരണ വിഷയം.

എൻ. ഡി. എ

തങ്ങൾക്ക് ഭരണം കിട്ടിയാൽ കേന്ദ്രപദ്ധതികൾ ഉൾപ്പെടെനടപ്പാക്കി പഞ്ചായത്തിന്റെ മുഖം മിനുക്കുമെന്നാണ് എൻ. ഡി. എയുടെ വാഗ്ദാനം.