
കോഴഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പോളിംഗ് ബൂത്തുകളിലും അല്ലാതെയും ഉപയോഗിക്കുന്നതിന് ജില്ലയിൽ എത്തിയത് 11,300 ലീറ്റർ സാനിറ്റൈസർ.
ബൂത്തുകളിൽ ഉപയോഗിക്കാൻ 10,160 ലിറ്ററും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌ക്വാഡിനും മറ്റുമായി 1140 ലിറ്ററും ചെലവിടും. ഇതിനു പുറമെ ബൂത്തുകളിൽ വിതരണം ചെയ്യുന്നതിന് 26,640 എൻ 95 മാസ്‌കുകളും 17,760 കയ്യുറകളും പുനരുപയോഗം സാദ്ധ്യമല്ലാത്ത 8880 ഫെയ്‌സ് ഷീൽഡുകളുമാണ് കഴിഞ്ഞ ദിവസം കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ അടൂരിലെ വെയർ ഹൗസിൽ എത്തിച്ച് തിരഞ്ഞെടുപ്പ് വിഭാഗത്തിന് കൈമാറിയത്. ഇവിടെ നിന്നും ഇവ ബ്ലോക്ക്, നഗരസഭ കേന്ദ്രങ്ങളിൽ എത്തിക്കും.
ജില്ലയിൽ ആകെ 1480 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഓരോ ബൂത്തിലും ഓരോ കോംപോ പാക്കറ്റുകളായാണ് ഇവ എത്തിക്കുന്നത്. ഇതിൽ 5 ലിറ്ററിന്റെ ഒരു കുപ്പി സാനിറ്റൈസറും 500 മില്ലീ ലിറ്ററിന്റെ 4 കുപ്പികളും നൽകും.