 
കൂടൽ : ഗവ.എൽ.പി.സ്‌കൂളിൽ വോട്ടു ചെയ്യാൻ എത്തുന്നവർക്ക് ഇനി പടി കയറാതെ ബൂത്തിലെത്താം. രാജഗിരി റോഡിൽ നിന്ന് സ്‌കൂൾ സ്ഥലത്തിന്റെ തെക്കേയറ്റത്തു കൂടി റോഡ് നിർമ്മിച്ചാണ് ഏഴു ദശാബ്ദത്തിലധികം നീണ്ട ദുരിതത്തിനു പരിഹാരം കണ്ടെത്തിയത്.
പ്രായമായവരും ശാരീരിക വൈകല്യമുള്ളവരും രോഗികളും ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ വോട്ടു ചെയ്യാൻ എത്തിയിരുന്നത്. ഇക്കുറി സ്‌കൂളിൽ മൂന്ന് ബൂത്തുണ്ട്. ഇതിൽ രണ്ടെണ്ണം പ്രവർത്തിക്കുന്ന താഴെ കെട്ടിടത്തിനു സമീപം എത്താൻ റോഡായി.
അതിവേഗം വാഹനങ്ങൾ പാഞ്ഞുപോകുന്ന റോഡിൽ വന്നിറങ്ങുകയും കയറുകയും ചെയ്തിരുന്ന കുട്ടികൾക്കും ഇനി നേരെ സ്‌കൂളിലെത്താം. ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളും നിർമ്മാണ സാമഗ്രികളുമൊക്കെ എത്തിക്കുന്നതിനും സൗകര്യമായി. പൗരാണികത നിലനിറുത്താൻ പടികൾ സംരക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം. റോഡിന്റെ ഒന്നാം ഘട്ടം മാത്രമാണ് പൂർത്തിയായതെന്നും മുകളിലെ കെട്ടിടത്തിലേക്കു കൂടി റോഡ് നിർമ്മിക്കാനാണ് ശ്രമമെന്നും ഹെഡ്മാസ്റ്റർ തോമസ് തുണ്ടിയത്ത് പറഞ്ഞു.