 
അടൂർ : നാടകാചാര്യനും കമ്മ്യൂണിസ്റ്റ് പോരാളിയുമായിരുന്ന ഒ. മാധവന്റെയും പള്ളിക്കൽ പഞ്ചായത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളുമായ എൻ. ദാമോദരന്റേയും വിപ്ളവപാരമ്പര്യം ഉയർത്തിപ്പിടിക്കാൻ പിൻമുറക്കാരനായി അഡ്വ.ഡി. ഉദയൻ ആദ്യമായി മത്സരരംഗത്ത്. ദീർഘകാലമായി സി. പി. എമ്മിനെ നയിക്കുന്ന ഇൗ അൻപത്തിയഞ്ചുകാരൻ പള്ളിക്കൽ പഞ്ചായത്തിലെ മലമേക്കര 12-ാം വാർഡിലാണ് മത്സരിക്കുന്നത്. ഒ. മാധവൻ ജനിച്ചുവളർന്ന ചുനക്കര തറയിലെ വീട്ടിലാണ് അനന്തരവൻ ഉദയന്റെയും ജനനം. ഒ. മാധവന്റെ നാലാമത്തെ സഹോദരി കെ. കാർത്തികയാണ് മാതാവ്. പിതാവ് എൻ. ദാമോദരൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നെങ്കിലും തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നു. കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ എല്ലാ ഉൗർജ്ജവും ഉൾക്കൊണ്ട് ആ പാത പിന്തുടർന്നതോടെ കൊല്ലം എസ്. എൻ കോളേജിൽ എസ്.എഫ് ഐ പ്രവർത്തകനായിരിക്കെ സമര മുഖത്ത് പൊലീസിന്റെയും ഗുണ്ടകളുടെയും ക്രൂരമായ മർദ്ദനം ഉദയന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. പന്തളം എൻ.എസ്.എസ് കോളേജിലും സജീവ പ്രവർത്തകനായിരുന്നു. പൂനൈ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ പഠനം കഴിഞ്ഞ് അടൂരിൽ അഭിഭാഷകനായും പൊതുപ്രവർത്തനരംഗത്തും സജീവമാണ്. അടൂർ ഒ.ബി.സി കാർഷിക സഹകരണ സംഘം പ്രസിഡന്റ് , ഗ്രന്ഥശാലാ പ്രവർത്തകൻ, പെരിങ്ങനാട് തെക്ക് സി. പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഏഴ് വർഷം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായായിരുന്ന പിതാവ് എൻ. ദാമോദരൻ വിജയിച്ച വാർഡിലാണ് ഉദയനും ജനവിധി തേടുന്നത്. കോൺഗ്രസിലെ സദാശിവ കുറുപ്പാണ് പ്രധാന എതിരാളി. സുകുമാരകുറുപ്പ് എൻ.ഡി. എയേയും പ്രതിനിധീകരിക്കുന്നു.