ചെങ്ങന്നൂർ:നഗരസഭയിൽ വീണ്ടും ജനവിധി തേടുന്നവരിൽ മുൻ സാരഥികളായ എട്ട് പേർ. ഇവരിൽ നാലുപേർ നഗരസഭാ മുൻ ചെയർമാൻമാരും, ഒരു ചെയർപേഴ്‌സൺ, മൂന്ന് വൈസ് ചെയർമാൻമാരുമാണ്.
ചെങ്ങന്നൂർ നഗരസഭ വാർഡ് 14 (അങ്ങാടിക്കൽ ) ലെ കേരളാ കോൺഗ്രസ് പി.സി.തോമസ് വിഭാഗം സ്ഥാനാർത്ഥി റെജി ജോൺ, മലയിൽ 15ാം വാർഡ് യു.ഡി .എഫ് സ്ഥാനാർത്ഥി ശോഭാ വർഗീസ് (കോൺ), 21ാം വാർഡ് (തിട്ടമേൽ) കേരള കോൺഗ്രസ് പി.സി.തോമസ് വിഭാഗം സ്വതന്ത്ര സ്ഥാനാർഥിയായ രാജൻ കണ്ണാട്ട് , 23 ലെ യു.ഡി.എഫ് സ്ഥാനാർഥി കെ.ഷിബു രാജൻ, 24 ലെ എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീദേവി ബാലകൃഷ്ണൻ എന്നിവരാണ് ഇക്കുറി വീണ്ടും ജനവിധി തേടുന്ന മുൻ ചെയർമാൻമാർ. എൽ.ഡി.എഫിലെ വി.വി.അജയൻ ബഥേൽ വാർഡ് 23, വത്സമ്മ ഏബ്രഹാം (കേരള കോൺ.ജോസ് കെ.മാണി) പുത്തൻകാവ് ഈസ്റ്റ് 10, യുഡിഎഫിലെ
കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ (കോൺ) മുണ്ടൻകാവ്1 എന്നിവരാണ് വൈസ്.ചെയർമാൻമാർ.
കെ.ഷിബു രാജൻ നിലവിൽ കാലാവധി പൂർത്തിയാക്കിയ ചെയർമാൻ ആണ്. കഴിഞ്ഞ നാല് തവണ ഒരു ജനറൽ വാർഡ് ഉൾപ്പെടെ വിവിധ വാർഡിനെ പ്രതിനിധീകരിച്ച അദ്ദേഹം ഇക്കുറി പട്ടികജാതി സംവരണ വാർഡ് ആയ 23 (ബഥേൽ) ൽ മാറ്റുരയ്ക്കുന്നു. മുൻ വൈസ് ചെയർമാനും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ വി.വി അജയനുമായി നേരിട്ടുള്ള മത്സരമാണിവിടെ .ചെങ്ങന്നൂരിൽ രണ്ട് തവണ ചെയർമാൻ പദവി അലങ്കരിച്ച രാജൻ കണ്ണാട്ട് ,തന്റെ മുൻ ഭരണകാലത്തെ നേട്ടങ്ങൾ ചൂണ്ടി കാട്ടിയാണ് വോട്ടർമാരെ സമീപിക്കുന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജയിംസ് വർഗീസും (കോൺ),എൽ.ഡി.എഫിന്റെ അഡ്വ.സോജൻ വർഗീസുമാണ് (കേരളകോൺഗ്രസ് ജോസ് വിഭാഗം) മുഖ്യ എതിരാളികൾ. ബി.ജെ.പി സ്ഥാനാർത്ഥി പ്രമോദും രംഗത്തുണ്ട്.കഴിഞ്ഞ 15 വർഷം തുടർച്ചയായി നഗരസഭാംഗമായ ശോഭാ വർഗീസ് ഒരു തവണ (2010 ൽ ) ചെയർപേഴ്‌സണായിരുന്നു. നാലാമത്തെ ഊഴമാണ് ഇത്തവണത്തേത്.ഇടതും വലതും നേരിട്ട് പോരാട്ടം നടക്കുന്ന വാർഡ് 15 ൽ എൽ.ഡി.എഫിന്റെ റിയ സൂസൻ വർഗീസ് ആണ് എതിരാളി.ചെങ്ങന്നൂർ നഗരസഭയുടെ പ്രഥമ ചെയർമാനും മുൻ ഡി.വൈ .എസ് .പിയുമായ പി.കെ.ജോണിന്റെ (കേരളാ കോൺ എം) മകനാണ് റെജി ജോൺ . 2005ലാണ് അദ്ദേഹം നഗരസഭ ചെയർമാൻ ആയി ചുമതലയേറ്റത്.അന്ന് യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർഥിയായി മത്സരിച്ചായിരുന്നു വിജയിച്ചത്. ആകെ 24 വാർഡുകളായിരുന്ന അന്ന് മലയിൽ 12ാം വാർഡിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.പിന്നീട് തെരഞ്ഞെടുപ്പ് രംഗത്ത് വരുന്നത് ഇത്തവണ രണ്ടാം ഊഴത്തിനാണ്. ഇതേ വാർഡിൽ ശ്രീജിത്ത് പുത്തൻ മഠത്തിൽ (യു.ഡി.എഫ് ), എബിചാക്കോ (എൽ.ഡി.എഫ്) എന്നിവരും മുന്നണി സ്ഥാനാർഥികളായി മത്സരിക്കുന്നു.മുൻ ചെയർപേഴ്‌സൺ ശ്രീദേവി ബാലകൃഷ്ണൻ യു.ഡി.എഫ് വിടുകയും ബിജെപിയുടെ 24ാം വാർഡ് നിലവിലെ കൗൺസിലറുമാണ്. ഇപ്പോൾ 3ാം വാർഡിൽ (ടെമ്പിൾ) (എൻ.ഡി.എ) ജനവിധിതേടുന്നു.സോമൻ പ്ലാപ്പള്ളി (യു.ഡി.എഫ്), രാകേഷ് കുമാർ (എൽ.ഡി.എഫ്) എന്നിവരും മുന്നണി സ്ഥാനാർഥികളായി മത്സരിക്കുന്നു.