കോന്നി : ബുവെറി ചുഴലിക്കാറ്റ് ഭീതി അകന്നതോടെ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമങ്ങൾ വീണ്ടും സജ്ജീവ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്. മലയോര ജില്ലയായ പത്തനംതിട്ടയിൽ അതീവജാഗ്രതാ നിർദ്ദേശം നൽകിയിരുന്ന താലൂക്കാണ് കോന്നി. ഇവിടെ രണ്ട് കൺട്രോൾ റൂമുകളും ദുരന്തനിരവാരണ. സേനയുടെ സേവനവും സജ്ജമാക്കിയിരുന്നു. ചിലയിടങ്ങളിൽ രാത്രികാല യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. ചുഴലിക്കാറ്റിനൊപ്പം മണ്ണിടിച്ചിലും ഉരുൾ പൊട്ടലും ഉൾപ്പടെയുള്ള ദുരന്തങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടർച്ചയായി വാഹനങ്ങളിൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇതേ തുടർന്നാണ് കോന്നി, പ്രമാടം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് , അരുവാപ്പുലം പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പ്രചാരണത്തിന് സ്വയം നിയന്ത്രണം ഏർപ്പെടുത്തിയത്. രാത്രികാല സ്വീകരണങ്ങളും പ്രചാരണ പരിപാടികളുമെല്ലാം ഒഴിവാക്കിയാണ് മലയോരത്തെ സ്ഥാനാർത്ഥികൾ ജാഗ്രത പുലർത്തിയത്.എന്നാൽ ചുഴലിക്കാറ്റ് ഭീതി അകന്നതായി കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചതോടെയാണ് ഇന്നലെ മുതൽ സന്ധ്യയ്ക്ക് ശേഷമുള്ള സ്വീകരണങ്ങളും യോഗങ്ങളും വീണ്ടും മുന്നണികൾ സജ്ജീവമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വൈകിട്ട് ആറു മണിക്ക് ശേഷമുള്ള പ്രചരണ പരിപാടികൾ മുന്നണികൾ പരമാവധി ഒഴിവാക്കിയിരുന്നു. ഇതിനാൽ നിരവധി സ്വീകരണ യോഗങ്ങളും കുടുംബ സംഗമങ്ങളും കൺവെൻഷനുകളും മറ്റ് അനുബന്ധ യോഗങ്ങളും ഒഴിവാക്കേണ്ടി വന്നിരുന്നു. ഇവയെല്ലാം വരുന്ന രണ്ട് ദിവസം കൊണ്ട് പൂർത്തീകരിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.