el

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ ജനപ്രതിനിധികളായി. കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി പഞ്ചായത്തുകളുടെ പ്രവർത്തന രീതികളിലും മാറ്രമുണ്ടാകേണ്ടേ ?

വികസന വിഷയങ്ങളും സങ്കൽപ്പങ്ങളും മാറേണ്ട സമയമായോ? ഇതേപ്പറ്റി പ്രമുഖർ സംസാരിക്കുന്ന പരമ്പര ഇന്ന് മുതൽ-

ഇന്ന് ആസൂത്രണ ബോർഡ് മുൻ അംഗം കൂടിയായ കെ.എസ്.എഫ്. ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ് സംസാരിക്കുന്നു.

--------------

കഴിഞ്ഞ 25 വർഷക്കാലം നടപ്പാക്കിയ പദ്ധതികളെപ്പറ്റി വരാൻ പോകുന്ന പഞ്ചായത്ത് ഭരണസമിതികൾ വിലയിരുത്തൽ നടത്തണം. 2018ൽ വെള്ളപ്പൊക്കം വന്നപ്പോൾ മാലിന്യം നീക്കലും വീടുകൾ വൃത്തിയാക്കലും വലിയ ദൗത്യമായിരുന്നു. വീടുകളുടെ അറ്റകുറ്റപ്പണി നടത്തലും പുതിയത് നിർമ്മിക്കലുമായി വലിയ കാര്യങ്ങൾ ചെയ്തു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് ആ പ്രവർത്തനങ്ങൾ നടത്തിയത്. അത് പഞ്ചായത്തിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അതിന്റെ രണ്ടാം ഭാഗമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കണ്ടത്. ആരോഗ്യ രംഗത്ത് വലിയ ഇടപെടൽ നടത്തി. ക്വാറന്റൈൻ സൗകര്യം, പരിശോധന കേന്ദ്രങ്ങൾ, സമൂഹ അടുക്കള, ജനകീയ ഹോട്ടൽ എന്നിവയുടെ പ്രവർത്തനങ്ങളിൽ പഞ്ചായത്തുകൾ വിജയിച്ചു.

ഇനി എങ്ങനെ

ഇനി ഏതെല്ലാം വഴികളിലൂടെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കണം. വിവിധ വിഷയങ്ങളിലെ വിദഗ്ദ്ധരെ സംഘടിപ്പിക്കണം. എൻജിനിയർമാർ, കൃഷി ഉദ്യോഗസ്ഥർ, ആരോഗ്യ രംഗത്തെ ജീവനക്കാർ തുടങ്ങിയവരെ വിളിച്ചു ചേർത്ത് അവരുടെ സേവനം പഞ്ചായത്തുകളുടെ പ്രവർത്തനത്തിൽ ഉപയോഗപ്പെടുത്തണം.

മലയാലപ്പുഴ, എഴുമറ്റൂർ പഞ്ചായത്തുകൾ സ്ഥിരമായി കുടിവെളള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. ഇവിടെ കുടുംബങ്ങളെ ഉൾപ്പെടുത്തി വ്യാപകമായി മഴക്കുഴികൾ നിർമ്മിച്ച് കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാവുന്നതേയുള്ളൂ.

പാലിയേറ്റീവ് കെയർ, പ്രവാസി കൂട്ടായ്മ

പ്രവാസികൾ നമ്മുടെ വലിയ സമ്പത്താണ്. വാർഡ് അടിസ്ഥാനത്തിൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കണം. ജില്ലാ പഞ്ചായത്ത് കുടുംബശ്രീകളെ ഉപയോഗിച്ച് പ്രവാസികളുടെ ഡേറ്റാ ബാങ്ക് സംഘടിപ്പിക്കണം. സ്വന്തമായി സ്ഥലമില്ലാത്തവരും വീട് ആവശ്യമുള്ളവരുമായ ഒരുപാട് കുടുംബങ്ങൾ വാടകയ്ക്ക് താമസിക്കുന്നുണ്ട്. എവിടെയെങ്കിലും സ്ഥലം സൗജന്യമായോ വില കൊടുത്തോ വാങ്ങി പ്രവാസികളുടെ സഹകരണത്തോടെ വീടുകൾ നിർമ്മിച്ചു നൽകണം.

ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് രോഗികൾക്ക് കിറ്റിനും മറ്റ് ആവശ്യങ്ങൾക്കും വലിയ പണച്ചെലവുണ്ട്. അത്രയും ചെലവില്ലാതെ അടൂരിലെ പലിയേറ്റിവ് കെയർ സൊസൈറ്റിയുടെ മാതൃകയിൽ പ്രവാസികളെ സംഘടിപ്പിച്ച് കിറ്റുകൾ വാങ്ങി നൽകാം. പഞ്ചായത്തിലുളള രോഗികൾക്ക് മരുന്ന്, ഭക്ഷണം, നഴ്സിംഗ് കെയർ എന്നിവ ഏർപ്പെടുത്തണം. ജില്ലാ പഞ്ചായത്ത് അതിന് മുൻകൈയെടുക്കണം.

മാലിന്യ സംസ്കരണം

മാലിന്യ സംസ്കരണം പഞ്ചായത്തുകൾ കാര്യമായി പരിഗണിക്കണം. ഇപ്പോൾ നട‌ത്തുന്ന മാലിന്യ സംസ്കരണം തട്ടിപ്പാണ്. മാലിന്യം കൃത്യമായി ശേഖരിക്കുന്നില്ല. സംസ്കരണത്തിന് വിജയകരമായ പദ്ധതികൾ സംസ്ഥാനത്തും പുറത്തുമുണ്ട്. അതിന്റെ മാതൃക സ്വീകരിക്കണം. ശബരിമല പാതയിൽ സ്ഥിരമായി ടോയ്ലറ്റു ബ്ളോക്കുകൾ നിർമ്മിക്കണം. ഇ ടോയ്ലറ്റ് പോലെ പ്രയോജനകരമല്ലാത്ത പദ്ധതികളല്ള വേണ്ടത്.

കൃഷി

കൊടുമൺ റൈസ്, ഇരവിപേരൂർ റൈസ് എന്നിവ പോലുള്ള പ്രാദേശിക സംരംഭങ്ങൾ പോത്സാഹിപ്പിക്കണം. ജൈവ കൃഷിക്ക് സഹായം നൽകണം. നാടൻ കൃഷി ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള സ്റ്റാളുകൾ പഞ്ചായത്തുകൾ നിർമ്മിച്ചു നൽകണം.

(എന്തൊക്കെ വികസന പദ്ധതികളാണ് പഞ്ചായത്തുകൾ ഏറ്റെടുക്കേണ്ടത് ?. വായനക്കാർക്കും പ്രതികരിക്കാം. ചുരുങ്ങിയ വാക്കുകളിൽ കുറിപ്പുകൾ അയക്കുക. വാട്സ് ആപ്പ് നമ്പർ: 9946107991)