padam
നിരണത്ത് പുഞ്ചവയലിനോട് ചേർന്ന നിലം മണ്ണിട്ട് നികത്തിയനിലയിൽ

തിരുവല്ല: തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടെ കടപ്ര - വീയപുരം ലിങ്ക് ഹൈവേയോട് ചേർന്ന് ഒറ്റരാത്രി കൊണ്ട് അനധികൃതമായി നിലം നികത്തിയെടുത്തു. റോഡരുകിലെ ലക്ഷങ്ങൾ വിലമതിക്കുന്ന നാൽപ്പത് സെന്റ് നിലമാണ് മണ്ണിട്ട് നികത്തിയത്. നിലം നികത്തൽ നടത്തിയ സ്വകാര്യ വ്യക്തിക്ക് വില്ലേജ് അധികൃതർ നിരോധന ഉത്തരവ് നൽകി. നിരണം 10-ാം വാർഡിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് വാലുപറമ്പിൽ മാമ്മൻ വർഗീസിന്റെ ഉടമസ്ഥതയിലുള്ള നിലമാണ് അനധികൃതമായി നികത്തിയത്. പുഞ്ച വയലിനോട് ചേർന്ന ഭാഗം കരിങ്കൽകെട്ടി തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് നികത്തൽ നടന്നത്. ടോറസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിൽ ചെമ്മണ്ണ് എത്തിച്ച് നികത്തിയെടുക്കുകയായിരുന്നെന്ന് പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നിരണം വില്ലേജ് ഓഫീസർ പി. ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ നികത്തൽ നടത്തിയ സ്ഥലം സന്ദർശിച്ചു. തുടർന്നാണ് ഉടമയ്ക്ക് നിരോധന ഉത്തരവ് നൽകിയത്. അനധികൃത നിലംനികത്തൽ സംബന്ധിച്ച് ആർ.ഡി.ഒയ്ക്കും തഹസിൽദാർക്കും റിപ്പോർട്ട് നൽകിയതായി വില്ലേജ് ഓഫീസർ പറഞ്ഞു. പ്രാദേശിക രാഷ്ടീയ നേതാക്കളുടെയും അധികൃതരുടെയും ഒത്താശയോടെയാണ് നിലം നികത്തൽ നടന്നതെന്ന ആരോപണവും ശക്തമാണ്. അടുത്തിടെ പുളിക്കീഴിലും ഒറ്റരാത്രികൊണ്ട് നിലം നികത്തിയിരുന്നു. വേനൽക്കാലം ആരംഭിച്ചതോടെ നിരണം ഉൾപ്പെടുന്ന അപ്പർകുട്ടനാടൻ മേഖലയിലെ പല ഭാഗങ്ങളിലും നിലം നികത്തൽ ശക്തമായിട്ടുണ്ട്.