തണ്ണിത്തോട് : തിരഞ്ഞെടുപ്പിന്റെ സ്വീകരണ പ ര്യടനം കഴിഞ്ഞു മടങ്ങുമ്പോൾ സ്ഥാനാർത്ഥികൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽ അകപ്പെട്ടു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ജില്ലാ പഞ്ചായത്ത് മലയാലപ്പുഴ ഡിവിഷൻ എൽ. ഡി. എഫ്. സ്ഥാനാർത്ഥി ജിജോ മോഡിയും ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കഴിഞ്ഞ് പ്രവർത്തകർക്കൊപ്പം വാഹനത്തിൽ മടങ്ങുമ്പോൾ കോന്നി - തണ്ണിത്തോട് റോഡിൽ പേരുവാലി ഭാഗത്തെ വളവിൽ വച്ചാണ് കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. കുട്ടിയാനയും പിടിയനായും റോഡിലും, ആറ് ആനകൾ റോഡരുകിലുമായാണ് നിലയുറപ്പിച്ചിരുന്നത്.വളവിലായതിനാൽ വാഹനം അടുത്ത് എത്തിയതിന് ശേഷമാണ് ആനകൾ റോഡിൽ നിൽക്കുന്നത് കണ്ടത്. അരമണിക്കൂറോളം റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ തിരികെ കാട്ടിലേക്ക് മടങ്ങിയതിന് ശേഷമാണ് സ്ഥാനാർത്ഥികളുടെ വാഹനം ഉൾപ്പടെയുള്ളവ പോയത്.