parties

പത്തനംതിട്ട : തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ തയാറെടുപ്പുകൾ പൂർണമായി. ജില്ലാ പഞ്ചായത്തിൽ 16 ഡിവിഷനുകളും ബ്ലോക്ക് പഞ്ചായത്തിൽ 106 ഡിവിഷനുകളും ഗ്രാമ പഞ്ചായത്തിൽ 788 വാർഡുകളും നഗരസഭകളിൽ 132 മുൻസിപ്പൽ വാർഡുകളിലുമായി ആകെ 1459 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ 4,36,410 പുരുഷ വോട്ടർമാരും 4,98,374 വനിതാ വോട്ടർമാരും രണ്ട് ട്രാൻസ്‌ജെൻഡറുകളും.

നാലു നഗരസഭകളിലായി 66,328 പുരുഷ വോട്ടർമാരും 77,484 വനിതാ വോട്ടർമാരും ഒരു ട്രാൻസ്‌ജെൻഡറും.

സ്ഥാനാർത്ഥികൾ : 3698

ഗ്രാമപഞ്ചായത്തിൽ 1270 പുരുഷ സ്ഥാനാർത്ഥികളും 1533 വനിതാ സ്ഥാനാർഥികളുമാണുള്ളത്.

ബ്ലോക്ക് പഞ്ചായത്തിൽ 153 പുരുഷ സ്ഥാനാർത്ഥികളും 189 വനിതാ സ്ഥാനാർത്ഥികളും.

നഗരസഭയിൽ 235 പുരുഷ സ്ഥാനാർത്ഥികളും 258 വനിതാ സ്ഥാനാർത്ഥികളും

ജില്ലാ പഞ്ചായത്തിൽ 36 പുരുഷ സ്ഥാനാർത്ഥികളും 24 വനിതാ സ്ഥാനാർത്ഥികളും.

ബ്ലോക്ക് പഞ്ചായത്തിൽ 1611 കൺട്രോൾ യൂണിറ്റുകളും 4769 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്. നഗരസഭകളിൽ 184 കൺട്രോൾ യൂണിറ്റുകളും 184 ബാലറ്റ് യൂണിറ്റുകളും വിതരണം ചെയ്തു.

തിരഞ്ഞെടുപ്പിനായി 1459 പ്രിസൈഡിംഗ് ഓഫീസർമാരെയും 1459 ഫസ്റ്റ് പോളിംഗ് ഓഫീസർമാരെയും 2918 പോളിംഗ് ഓഫീസർമാരെയും 1459 പോളിംഗ് അസിസ്റ്റന്റുമാരെയും 20 ശതമാനം റിസർവ് ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്. നിയോഗിച്ച 100 സെക്ടറൽ ഓഫീസർമാരിൽ 92 പേർ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും എട്ട് പേർ നഗരസഭകളിലേക്കുമാണ്. സ്‌പെഷൽ പോളിംഗ് ഓഫീസർമാരായി 272 പേരെ നിയോഗിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കുമായുള്ള സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് ലിസ്റ്റിൽ വെള്ളിയാഴ്ച വരെ 7237 വോട്ടർമാരുണ്ട്. 2824 സ്‌പെഷൽ പോസ്റ്റൽ ബാലറ്റും ലഭിച്ചിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് മൂന്നിന് ശേഷം സർട്ടിഫൈഡ് ലിസ്റ്റിൽ പേര് വരുന്നവർക്ക് തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് 5 മുതൽ പോളിംഗ് ബൂത്തിൽ എത്തി വോട്ട് ചെയ്യാം. ഇവർ പി.പി.ഇ കിറ്റ് ധരിച്ചുവേണം എത്താൻ.

എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും എല്ലാ നഗരസഭകൾക്കും ഒരോ വിതരണ കേന്ദ്രങ്ങൾ വീതം ഉണ്ട്. ഏഴിന് പോളിംഗ് ഓഫീസർമാർക്ക് തിരഞ്ഞെടുപ്പ് സാധനങ്ങൾ കൈമാറും. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 6ന് മോക്ക് പോൾ ആരംഭിച്ച് ഏഴ് മുതൽ വോട്ട് ചെയ്യാം.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് തകരാർ ഉണ്ടായാൽ ഉടൻ പരിഹരിച്ച് വോട്ടെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനും ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനും പ്രത്യേക ടീമിനെ (ട്രബിൾ ഷൂട്ട് ടീം) നിയമിച്ചു.

പ്രശ്‌ന ബാധിത പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ള പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പന്തളം നഗരസഭയിലെ പത്താം വാർഡ്, പത്തനംതിട്ട നഗരസഭയിലെ 13-ാം വാർഡ്, സീതത്തോട് ഗ്രാമപഞ്ചായത്ത് 11ാം വാർഡ്, കുന്നന്താനം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് എന്നിവിടങ്ങളിൽ വെബ് കാസ്റ്റിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മലയോര ഉൾപ്രദേശമായ ഗവി, മൂഴിയാർ എന്നിവിടങ്ങിൽ ഓരോ ബാലറ്റ് യൂണിറ്റുകൾ വീതം അധികമായി നൽകിയിട്ടുണ്ട്.