
പത്തനംതിട്ട : കൊവിഡ് പശ്ചാത്തലത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുമ്പോൾ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടർമാർ നിൽക്കാൻ. വോട്ട് രേഖപ്പെടുത്താൻ ബൂത്തിൽ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി ബൂത്തിൽ നിന്ന് തിരികെ ഇറങ്ങുമ്പോഴും പോളിംഗ് അസിസ്റ്റന്റ് സാനിറ്റെസർ നൽകും.
വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്ന സമ്മതിദായകൻ ഒന്നാം പോളിംഗ് ഓഫീസറുടെ അടുത്ത് ആദ്യം എത്തണം. മൂന്ന് വോട്ടർമാർക്ക് മാത്രമാണ് ഒരു സമയം ബൂത്തിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. സമ്മതിദായകൻ തിരിച്ചറിയൽ രേഖ പോളിംഗ് ഓഫീസർക്ക് നൽകണം. പോളിംഗ് ഓഫീസർ ആവശ്യപ്പെടുകയാണെങ്കിൽ വോട്ടർ മാസ്‌ക് നീക്കി മുഖം കാണിക്കണം.
രേഖകളിലെ വിവരങ്ങൾ നോക്കിയശേഷം സമ്മതിദായകന്റെ ക്രമനമ്പരും മറ്റ് വിവരങ്ങളും ഒന്നാം പോളിംഗ് ഓഫീസർ ഉറക്കെ വിളിച്ചുപറയും. രേഖ സംബന്ധിച്ച തർക്കമില്ലെങ്കിൽ വോട്ടർപട്ടികയിൽ സമ്മതിദായകന്റെ വിവരം രേഖപ്പെടുത്തിയ സ്ഥാനത്ത് പോളിംഗ് ഓഫീസർ അടയാളമിടും. ഇതിനുശേഷം സമ്മതിദായകൻ രണ്ടാം പോളിംഗ് ഓഫീസറുടെ അടുത്ത് എത്തണം. വോട്ട് രജിസ്റ്ററിൽ ക്രമനമ്പർ രേഖപ്പെടുത്തി പോളിംഗ് ഓഫീസർ സമ്മതിദായകന്റെ ഒപ്പോ, വിരലടയാളമോ വാങ്ങും. തുടർന്ന് സമ്മതിദായകന്റെ ഇടത് ചൂണ്ട് വിരൽ പരിശോധിച്ച് അതിൽ നഖം മുതൽ മുകളിലോട്ട് വിരലിന്റെ ആദ്യ മടക്കുവരെ മായ്ക്കാനാവാത്ത മഷികൊണ്ട് അടയാളപ്പെടുത്തും.
തുടർന്ന് സമ്മതിദായകന് പോളിംഗ് ഓഫീസർ വോട്ട് ചെയ്യുന്നതിനുള്ള സ്ലിപ്പ് നൽകും.
മൂന്നാം പോളിംഗ് ഓഫീസർ വോട്ടിംഗ് സ്ലിപ്പും മഷി അടയാളവും പരിശോധിച്ച് വോട്ട് ചെയ്യാനായി സമ്മതിദായകനെ അനുവദിക്കും. ത്രിതല പഞ്ചായത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളുണ്ടാവും. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങൾ. ഇടത്തു നിന്ന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി വോട്ട് രേഖപ്പെടുത്താം. ഒരു ബാലറ്റ് യൂണിറ്റിൽ വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ നേരെയുള്ളിടത്ത് ലൈറ്റ് തെളിയും. മൂന്ന് വോട്ടും മൂന്ന് ബാലറ്റ് യൂണിറ്റിലായി രേഖപ്പെടുത്തി കഴിയുമ്പോൾ ബീപ്പ് ശബ്ദം കേൾക്കും. അപ്പോൾ രേഖപ്പെടുത്തിയതായി കണക്കാക്കാം.
നഗരസഭകളിൽ ഒരു ബാലറ്റ് യൂണിറ്റ് മാത്രമാണുള്ളത്. ഇവിടെ വോട്ടർമാർ ഒരു വോട്ട് മാത്രം രേഖപ്പെടുത്തിയാൽ മതി. വോട്ടെടുപ്പ് സമയം രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ്.
വോട്ടിംഗ് സാമഗ്രികൾ ഇന്ന് വിതരണം ചെയ്യും
തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം നാലു നഗരസഭകളിലെയും എട്ടു ബ്ലോക്കുകളിലെയും കേന്ദ്രങ്ങളിൽ ഇന്ന് നടക്കും. വിതരണ കേന്ദ്രങ്ങൾ രാവിലെ ഏഴിനു തുറക്കും. തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ രാവിലെ എട്ടിന് കേന്ദ്രങ്ങളിലെത്തണം. ജില്ലയിലെ 1459 പോളിംഗ് ബൂത്തുകളിലേക്ക് 8844 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ജീവനക്കാരെ പോളിംഗ് കേന്ദ്രങ്ങളിലെത്തിക്കാൻ വാഹനങ്ങൾ തയാറാക്കിയിട്ടുണ്ട്.
പോളിംഗ് ബൂത്തുകളിലെത്തിയ ശേഷം സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഭിത്തിയിൽ യഥാസ്ഥാനത്ത് പതിക്കണം.
സാനിറ്റൈസർ മുതൽ റബർ ബാൻഡ് വരെ
വോട്ടെടുപ്പിനായി സജ്ജമാക്കുന്ന പോളിംഗ് ബൂത്തുകളിലേക്ക് സാധന സാമഗ്രികൾ 81 ഇനം. പോളിംഗിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ വിതരണ കേന്ദ്രങ്ങളിൽ നിന്ന് ഇന്ന് ഇവ ഏറ്റുവാങ്ങും. ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളിൽ മൂന്നു ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് യന്ത്രവും നഗരസഭകളിലേക്ക് ഒരു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമടങ്ങുന്ന യന്ത്രവുമാണ് പ്രധാന ഇനം.
കൊവിഡ് പശ്ചാത്തലത്തിൽ അഞ്ച് കൊവിഡ് സ്‌പെഷൽ ഫോറങ്ങളും അവയ്ക്കുള്ള കവറുകളും, സാനിറ്റൈസർ, എൻ 95 മാസ്‌ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നീ നാല് സാധനങ്ങളും ഉൾപ്പെടും.
തിരിച്ചറിയൽ രേഖകൾ
വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോൾ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചാൽ മതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുൻപു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
സഹായിയെ അനുവദിക്കും
കാഴ്ച പരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകർക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടൺ അമർത്തിയോ ബാലറ്റ് ബട്ടനോട് ചേർന്ന ബ്രയിൽ ലിപി സ്പർശിച്ചോ സ്വയം വോട്ട് ചെയ്യാൻ കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ സഹായിയെ അനുവദിക്കും. വോട്ട് ചെയ്യുന്നതിന് വോട്ടർ നിർദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാൾക്ക് 18 വയസ് പൂർത്തിയായിരിക്കണം. പ്രത്യക്ഷത്തിൽ കാഴ്ചയ്ക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങൾ വേർതിരിച്ച് അറിഞ്ഞോ ബ്രയിൽ ലിപി സ്പർശിച്ചോ വോട്ട് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക.
കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാം
ഇന്ന് വൈകുന്നേരം മൂന്നിനു ശേഷം കോവിഡ് പോസിറ്റീവ് ആകുന്നവരും ക്വാറന്റൈനിൽ പ്രവേശിക്കുന്നവരും വോട്ടെടുപ്പ് ദിവസം വൈകിട്ട് ആറിന് മുൻപ് പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാൻ എത്തണം. എന്നാൽ, ആറു മണിക്ക് ക്യുവിൽ ഉള്ള മുഴുവൻ സാധാരണ വോട്ടർമാരും വോട്ടു ചെയ്ത ശേഷം മാത്രമേ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കു.