ldf
തി​രഞ്ഞെടുപ്പ് പ്രചാരണത്തി​ന് സമാപനം കുറിച്ച് പത്തനംതി​ട്ടയി​ൽ എൽ.ഡി​.എഫ് പ്രവർത്തകർ നടത്തിയ റോഡ് ഷോ

പത്തനംതിട്ട: കൊട്ടിക്കലാശത്തിന്റെ പതിവു നേരത്ത് തന്നെ മാനം ഇരുണ്ടുകയറി. പിന്നെ കോരിച്ചൊരിഞ്ഞു. പക്ഷെ, ആളും ആരവങ്ങളും ഇല്ലാതെ നഗരങ്ങളും ഗ്രാമങ്ങളും ശാന്തമായിരുന്നു. ചെവി പൊട്ടിക്കുന്ന നാസിക് ഡോളുകൾ വിശ്രമത്തിലാണ്. സൗണ്ട് ബോക്സുകളുടെ നെഞ്ചിടിപ്പിക്കുന്ന മുഴക്കങ്ങളും ഇത്തവണ കേട്ടില്ല. ആരെയും കാണാതെ മഴ പിണങ്ങിയൊഴിഞ്ഞു. ത്രിതല തിരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം കൊട്ടിക്കലാശമില്ലാതെ കടന്നുപോയി. പരസ്യപ്രചാരണത്തിന് ഇങ്ങനെയാരു സമാപനം അപൂർവമായിരുന്നു.

കൊവിഡ് വ്യാപനം തടയുന്നതിന് കൊട്ടിക്കലാശങ്ങളും പ്രകടനങ്ങളും പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം നടപ്പാക്കാൻ ഉൗടുവഴികളിൽ വരെ നിരീക്ഷകരുണ്ടായിരുന്നു. പൊലീസും രംഗത്തിറങ്ങി. റോഡ് ഷോകൾക്ക് പരമാവധി മൂന്ന് വാഹനങ്ങൾ എന്നായിരുന്നു കമ്മിഷന്റെ നിർദേശം. ഇതേ തുടർന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥികളെ കയറ്റി പ്രവർത്തകർ വാർഡുകളിൽ വോട്ടർമാരെ അഭിവാദ്യം ചെയ്തു നീങ്ങി.

കൊട്ടിക്കലാശത്തിന് സാധാരണ മൂന്ന് മണിയാകുമ്പോഴേ പ്രവർത്തകർ ജംഗ്ഷനുകൾ കയ്യടക്കാറുണ്ട്. ഇന്നലെ ആ നേരത്ത് പത്തനംതിട്ട സെൻട്രൽ ജംഗ്ഷൻ മുതൽ അബാൻ വരെ വിജനമായിരുന്നു. ഞായറാഴ്ചയുടെ അവധിയന്തരീക്ഷത്തിലായിരുന്നു നഗരം. ഇരുചക്ര വാഹനങ്ങളും കാറുകളും നിരത്തുകളലൂടെ ഇടമുറിഞ്ഞ് നീങ്ങി. യാത്രക്കാരില്ലാത്തതിനാൽ ബസുകൾ അപൂർവമായെത്തി. ഗതാഗത നിയന്ത്രണത്തിനെത്തിയ പൊലീസുകാർ കടത്തിണ്ണകളിൽ തണൽപറ്റി നിന്നു. കടകളേറെയും അടഞ്ഞു കിടന്നു.

ഇന്ന് നിശബ്ദ പ്രചരണത്തിന്റെ ദിവസം. മാതൃകാ ബാലറ്റും വോട്ട് ചെയ്യാനുള്ള സ്ളിപ്പുകളുമായി രാഷ്ട്രീയ പ്രവർത്തകർ ഇന്ന് വീടുകൾ കയറിയിറങ്ങും. സ്ഥാനാർത്ഥികൾ അവസാന വട്ട ഒാട്ടപ്രദക്ഷിണം നടത്തും. അണിയറയിൽ നേതാക്കൾ അവസാനഘട്ട കണക്കെടുപ്പ് നടത്തും.