photo
ബിജു തങ്കപ്പൻ

കോന്നി : ജാമ്യത്തിൽ ഇറങ്ങിയ പീഡനക്കേസിലെ പ്രതി കൂടെ താമസിച്ചിരുന്ന യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്തു. വി. കോട്ടയം ആശാൻപറമ്പിൽ ബിജു തങ്കപ്പൻ (പാമ്പ് ബിജു - 42) ആണ് തൂങ്ങി മരിച്ചത്.

ഇയാൾക്കൊപ്പം വാടക വീട്ടിൽ താമസിച്ചിരുന്ന അടൂർ സ്വദേശി ജെസി (39) ക്കാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തും പതിനാറോളം വെട്ടേറ്റ യുവതിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.

അടുത്ത ബന്ധുവിനെ പീഡപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന ബിജു കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ഞായറാഴ്ച പുലർച്ചെ വാടകവീട്ടിൽ എത്തിയ ശേഷം ജെസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും ബിജു കടന്നുകളഞ്ഞു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് സ്വന്തം വീടിന് സമീപം ബിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജെസിയുടെ രണ്ടാം ഭർത്താവാണ് ബിജുവെന്ന് പറന്നുണ്ടെങ്കിലും ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും ഇയാൾ മദ്യലഹരിയിലായിരുന്നതായും പൊലീസ് പറഞ്ഞു.