ചെങ്ങന്നൂർ: ബി.ജെ.പി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ നൽകിയ പ്രസ്താവന സത്യവിരുദ്ധമെന്ന് ബി.ഡി.ജെ.എസ് ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. നാളുകളായി ചെങ്ങന്നൂരിൽ എൻ.ഡി.എ കമ്മിറ്റിയോ തിരഞ്ഞെടുപ്പ് പ്രചരണമോ നിലവിലില്ല.ബി.ജെ.പി ജില്ലാ പ്രസിഡന്റ് ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ മണ്ഡലമായ ചെങ്ങന്നൂരിൽ ബി.ഡി.ജെ.എസിനെ പാടെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ചെങ്ങന്നൂർ എൻ.ഡി.എ കമ്മിറ്റിയിൽ പ്രശ്‌നങ്ങളില്ലെന്ന് മാദ്ധ്യമങ്ങളിൽ അദ്ദേഹം നൽകിയ പ്രസ്താവന ബി.ഡി.ജെസ് വോട്ടുകൾ ഉന്നം വച്ചു മാത്രമാണ്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വാർഡുകളിൽ ജില്ലാ പ്രസിഡന്റിന്റെ അറിവോടെ ബി.ജെ.പി സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിന് എന്തിനെന്ന് വ്യക്തമാക്കണം. വസ്തുകൾ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ മാദ്ധ്യമങ്ങളിലൂടെ അസത്യ പ്രസ്താവന നൽകുന്നത് അവജ്ഞയോടെ തള്ളിക്കളയുന്നതായും ഇത്തരം നടപടികളിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ബി.ഡി.ജെ.എസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് രാജു മാലിക് അറിയിച്ചു.