07-avanipara-1

അരുവാപ്പുലം: ഇത്തവണയും ആവണിപ്പാറ ആദിവാസി കോളനിയിലെ വോട്ടർമാർ വോട്ട് ചെയ്യാൻ 23 കിലോമീറ്റർ സഞ്ചരിക്കണം. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലുൾപ്പെട്ട ആവണിപ്പാറയിൽ 34 കുടുംബങ്ങളിലായി 112 പേരാണ് താമസിക്കുന്നത്. ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കോളനിയിലെ അങ്കൺവാടിയിലെ 212 നമ്പർ ബൂത്തിൽ ഇവർക്ക് വോട്ട് ചെയ്യാൻ സൗകര്യമുണ്ടങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുകളിൽ കോളനിക്കുള്ളിൽ ബൂത്ത് അനുവദിക്കാറില്ല. ഇതുമൂലം 23 കിലോമീറ്റർ അകലെയുള്ള കല്ലേലി തോട്ടത്തിലെ റിക്രയേഷൻ ക്ലബ്ലിലാണ് ഇവരുടെ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുക. കോന്നി അച്ചൻകോവിൽ വനപാതയിലൂടെ ബസ് സർവ്വീസില്ലാത്തതുമൂലം 23 കിലോമീറ്റർ ടാക്‌സി വാഹനങ്ങളിലോ, കാൽനടയായോ യാത്രചെയ്ത് വേണം എത്താൻ. ഇവിടെയുള്ള 66 വോട്ടർമാരിൽ 30 പുരുഷൻമാരും 36 സ്ത്രീകളുമാണുള്ളത്. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ആദ്യം പുറപ്പെടുന്നതും ആവണിപ്പാറയിലെ ബൂത്തലേക്കാണ്.