
ശബരിമല: ശബരിമലയിലേക്കുള്ള തങ്കഅങ്കി രഥഘോഷയാത്ര 22ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായതിനാൽ യാത്രയെ അനുഗമിക്കുന്നവരുടെ എണ്ണം കുറയ്ക്കും. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതുകയും വേണം. 25ന് ഉച്ചയ്ക്ക് ഘോഷയാത്ര പമ്പയിൽ എത്തിച്ചേരും. വൈകിട്ട് ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്കഅങ്കിക്ക് ശരംകുത്തിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാരപരമായ സ്വീകരണം നൽകും.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഘോഷയാത്രയ്ക്ക് വഴിനീളെയുള്ള സ്വീകരണം, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തർക്ക് സ്വീകരണത്തിന് അവസരം നൽകും.
സന്നിധാനത്ത് തങ്കഅങ്കിയെ പതിനെട്ടാം പടിക്ക് മുകളിൽ, കൊടിമര ചുവട്ടിൽ ഔദ്യോഗികമായി വരവേറ്റ് ശ്രീകോവിലിനുള്ളിലേക്ക് കൈമാറും. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.
'' ഘോഷയാത്രയിൽ അനുഗമിക്കുന്നവരെ എണ്ണം കുറയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എത്രയാളുകൾ വേണമെന്ന് പിന്നീട‌് തീരുമാനിക്കും. യാത്രയെ അനുഗമിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതുകയും സാമൂഹിക അകലം പലിക്കുകയും വേണം.
എൻ. വാസു, ദേവസ്വം ബോർഡ് പ്രസിഡന്റ്.