തിരുവല്ല: ജില്ലയിലെ ഏറ്റവും വലുതും പഴക്കമേറിയ തിരുവല്ല നഗരസഭ ശതാബ്ദി വർഷത്തിലെ തിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിലയുറപ്പിക്കുമെന്നത് പ്രവചനാതീതം. 1920ൽ രൂപീകൃതമായ നഗരസഭയിൽ 39 വാർഡുകളിലായി 155 സ്ഥാനാർഥികൾക്കായി 39,600 വോട്ടറന്മാരാണ് നാളെ വിധി നിർണയിക്കുക.
15-ാം വാർഡിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളത്. എട്ട് സ്ഥാനാർത്ഥികളാണ് ഇവിടെ പോരടിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് 13-ാം വാർഡിലാണ്. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർഥികൾ മാത്രമാണ് ഇവിടെ മത്സരിക്കുന്നത്. ഇരുപതോളം വാർഡുകളിൽ ശക്തമായ സാന്നിദ്ധ്യമായി എൻ.ഡി.എയും രംഗത്തുണ്ട്. 22 വയസുള്ള വിദ്യാർത്ഥികൾ മുതൽ 82 വയസുള്ള പെൻഷൻ വാങ്ങുന്നവർ വരെ പോരാട്ടത്തിനായി അങ്കത്തട്ടിലുണ്ട്. കേരള കോൺഗ്രസിലെ ജോസ് - ജോസഫ് വിഭാഗങ്ങൾ ഏറ്റുമുട്ടുന്ന വാർഡുകളിൽ വാശിയേറിയ മത്സരമാണ് ഇക്കുറി നടക്കുന്നത്. ഇരു വിഭാഗങ്ങളും നേരിട്ട് ബലാബലം പരീക്ഷിക്കുന്ന ഏഴ് വാർഡുകളാണ് നഗരസഭയിലുള്ളത്. കഴിഞ്ഞ കൗൺസിലിൽ 10 അംഗങ്ങളായിരുന്നു കേരള കോൺഗ്രസി(എം) ന് ഉണ്ടായിരുന്നത്. കേരളാ കോൺഗ്രസിന്റെ പിളർപ്പിന് ശേഷംഏഴ് കൗൺസിലറന്മാർ ജോസഫ് പക്ഷത്തും മൂന്ന് പേർ ജോസ് പക്ഷത്തും നിലയുറപ്പിച്ചു. യു.ഡി.എഫ് - 22 (കോൺഗ്രസ് - 11, കേരളാ കോൺഗ്രസ് - 10 ), എൽ.ഡി.എഫ് - 9 (സി.പി.എം - 7, ജനതാദൾ എസ് - 1, കേരളാ കോൺഗ്രസ് സ്കറിയ വിഭാഗം - 1 ), ബി.ജെ.പി- 4, എസ്.ഡി.പി.ഐ - 1, സ്വതന്ത്രർ - 3 എന്നതായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില. വിപ്പ് ലംഘനത്തെ തുടർന്ന് രണ്ട് കോൺഗ്രസ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു. നാല് മുൻ നഗരസഭാ അദ്ധ്യക്ഷന്മാർ ഇക്കുറി മത്സരരംഗത്തുണ്ട്. എൽ.ഡി.എഫിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ ചെറിയാൻ പോളച്ചിറയ്ക്കൽ, ലിൻഡ തോമസ് എന്നിവരും യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ഷീല വർഗീസും സ്വതന്ത്രനായി രാജു മുണ്ടമറ്റവുമാണ് മത്സര രംഗത്തുള്ള നാല് മുൻ ചെയർമാൻന്മാർ. ചെറിയാൻ പോളച്ചിറയ്ക്കൽ 21-ാം വാർഡായ തിരുമൂലപുരം വെസ്റ്റിൽ നിന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ലിൻഡ തോമസ് 3-ാം വാർഡായ ആറ്റുചിറയിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ഷീല വർഗീസ് 34-ാം വാർഡായ മേരിഗിരിയിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ്. 9-ാം വാർഡിലാണ് രാജു മുണ്ടമറ്റം സ്വതന്ത്രനായി മത്സരിക്കുന്നത്.
നിലപാടുകൾ നിർണായകം
നഗരപാലിക ബിൽ നടപ്പായ 1995ന് ശേഷംനടന്ന അഞ്ച് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനായിരുന്നു മേൽക്കൈ. കോൺഗ്രസും കേരളാ കോൺഗ്രസും രണ്ടരവർഷം വിതം നഗരസഭാ അദ്ധ്യക്ഷസ്ഥാനം പങ്കിട്ടെടുത്തായിരുന്നു ഭരണം നടത്തിയിരുന്നത്. കേരളാ കോൺഗ്രസിലെ പിളർപ്പ് മൂലം ഉടലെടുത്ത പുതിയ രാഷ്ടീയ സാഹചര്യത്തിൽ ഇക്കുറി ജയപരാജയ സാദ്ധ്യതയുടെ കാര്യത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്കുള്ളിൽ ശക്തമായ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യവും നിഴലിക്കുന്നുണ്ട്. എൻ.ഡി.എ ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന സൂചനകളും പൊലീസ് ഇന്റലിജൻസിൽ നിന്നടക്കം ലഭിക്കുന്നുണ്ട്. അങ്ങനെ വന്നാൽ എൻ.ഡി.എയുടെ നിലപാടും നിർണായകമാകും.
-39 വാർഡുകൾ
-155 സ്ഥാനാർഥികൾ
-39,600 വോട്ടറന്മാരാണ്
-ഏറ്റവുമധികം സ്ഥാനാർത്ഥികൾ 15-ാം വാർഡിൽ
-കുറവ് 13-ാം വാർഡിൽ
-