cylender-lpg

കോഴഞ്ചേരി: രണ്ടാഴ്ചയായി തുടരുന്ന ഇന്ധനവില വർദ്ധനവിനൊപ്പം പാചക വാതകത്തിന്റെ വില കൂടിയതും സാധാരണ ജനത്തിന് ഇരട്ടപ്രഹരമായി. കൊവിഡ് പ്രതിസന്ധിയിൽ ജീവിതം ദുസഹമായ സാഹചര്യത്തിലാണ് ഇടിതീ പോലെ പാചക വാതക വിലയും വർദ്ധിച്ചത്. സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർദ്ധിച്ചത്. ഇപ്പോഴത്തെ വില 645 രൂപയാണ്. പാചക വാതകത്തിനുള്ള സബ്‌സിഡി കഴിഞ്ഞ സെപ്തംബറിൽ നിറുത്തലാക്കിയതിനുശേഷമുള്ള ആദ്യ വിലക്കയറ്റമാണിത്. ആറ് മാസമായി സബ്‌സിഡി ഉപഭോക്താവിന്റെ അക്കൗണ്ടിൽ എത്തുന്നില്ല. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 55 രൂപയാണ് കൂടിയത്. അതേസമയം സബ്സിഡി നിറുത്തലാക്കിയ വിവരം പല ഉപഭോക്താക്കൾക്കും അറിയില്ല. ഏജൻസികളിൽ വിളിച്ച് ചോദിക്കുന്നവർക്കും വ്യക്തമായ മറുപടി ലഭിക്കുന്നില്ലായെന്ന് ആക്ഷേപമുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ഒരു സിലിണ്ടർ ആവശ്യമായി വരും. കൊവിഡ് വ്യാപനം കാരണം മിക്ക കുടുംബങ്ങളുടെയും വരുമാനത്തിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

14.2 കിലോഗ്രാമിന്റെ 12 സിലിണ്ടറുകളാണ്

ഒരു വർഷം ഉപഭോക്താവിന് ലഭിക്കേണ്ടത്.

വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന ഈ സമയത്തെ ഗ്യാസ് വില വർദ്ധനവ് വലിയ ബുദ്ധിമുട്ട് തന്നെയാണ്. സഹിക്കാനാണ് ജനത്തിന്റെ വിധി.
( രമ്യ, വീട്ടമ്മ, കോഴഞ്ചേരി.)