തിരുവല്ല: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിൽ മത്സരിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി മീനു രാജേഷ് തിളക്കമാർന്ന വിജയം നേടുമെന്ന് എൻ.ഡി.എ യോഗം വിലയിരുത്തി. ജനങ്ങളിലേക്കിറങ്ങി പരമാവധി വോട്ടർമാരെ നേരിൽകണ്ടു വോട്ട് ചോദിച്ച് ശക്തമായ പ്രചരണമാണ് മീനു നടത്തിയത്. കടപ്ര,നിരണം,പെരിങ്ങര,നെടുമ്പ്രം,കുറ്റൂർ പഞ്ചായത്തുകളിലായുള്ള 60 വാർഡുകൾ ഉൾക്കൊള്ളുന്ന പുളിക്കീഴ് ഡിവിഷനിൽ ചിട്ടയായ സ്ക്വാഡ് വർക്കും പ്രചാരണ പ്രവർത്തനങ്ങളും നടത്തി. സ്വീകരണ കേന്ദ്രങ്ങളിലെ മികച്ച ജനപങ്കാളിത്തവും വിജയപ്രതീക്ഷ വർദ്ധിപ്പിക്കുന്നു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ വനിതാസംഘം വൈസ് പ്രസിഡൻ്റ് എന്ന നിലയിലുള്ള ബന്ധങ്ങളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുബലവും മീനുവിന് ശക്തിപകരുന്നു. ബി.ഡി.ജെ.എസ് -ബി.ജെ.പി പ്രവർത്തകർ ഒരേ മനസോടെയുള്ള ആത്മാർത്ഥമായ പ്രവർത്തനം നടത്തിയതിനാൽ വിജയം ഉറപ്പാണെന്നും നേതാക്കൾ അവകാശപ്പെട്ടു. എൻ.ഡി.എ മണ്ഡലം കൺവീനർ ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ ഡോ.എ.വി. ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ.അരുൺ പ്രകാശ്, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി മുരുകേഷ്, പി.എസ്.മോഹനൻ, സുരേഷ് ഓടയ്ക്കൽ, ഉണ്ണികൃഷ്ണൻനായർ, ഗോപിനാഥൻ, രാജൻ ഓതറ,വിജയകുമാർ,ഷിബു പന്തപ്പാട്,ശ്യാം ചാത്തമല എന്നിവർ പ്രസംഗിച്ചു.