
പത്തനംതിട്ട - ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നത് 3,698 സ്ഥാനാർത്ഥികൾ. ഇവരെ തിരഞ്ഞെടുക്കാൻ 10,78,599 സമ്മതിദായകർ ഇന്ന് ബൂത്തുകളിലെത്തും. ഇന്നലെ വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികളുമായി പോളിംഗ് ബൂത്തുകളിലെത്തിയ ഉദ്യോഗസ്ഥർ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. പോളിംഗ് കൗണ്ടറുകൾ സ്ഥാപിച്ച് സ്ഥാനാർത്ഥികളുടെ പട്ടിക വോട്ടർമാർക്ക് കാണാവുന്നവിധം പതിച്ച് പോളിംഗ് ഏജന്റുമാർക്ക് തിരിച്ചറിയൽ രേഖ നൽകി വോട്ടെടുപ്പിനുള്ള തയാറിലാണ്. പോളിംഗ് തുടങ്ങുന്നതിന് മുമ്പ് സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക്ക്‌പോൾ നടക്കും.
കൊവിഡിനെതിരെ
ജാഗ്രതയോടെ
കൊവിഡിന്റെ സാഹചര്യത്തിൽ ബൂത്തുകൾ അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു അറ്റൻഡറും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും.
സ്ഥാനാർത്ഥികളുടെ ബൂത്ത് ഏജന്റുമാർ പത്തിൽ കൂടാൻ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങൾ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കും. പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും കരുതും. പോളിംഗ് ബൂത്തിന് മുമ്പിൽ വോട്ടർമാർക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നിൽക്കുന്നതിന് നിശ്ചിത അകലത്തിൽ പ്രത്യേകം മാർക്ക് ചെയ്യും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ക്യൂ ഉണ്ടാകും. പ്രായമായവർ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവർക്ക് ക്യു നിർബന്ധമില്ല. പോളിംഗ് സ്റ്റേഷനുകളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാർത്ഥികളോ മറ്റോ സ്ലിപ്പ് വിതരണം നടത്തുന്ന സ്ഥലത്ത് സോപ്പ്, വെള്ളം, സാനിറ്റൈസർ എന്നിവ നിർബന്ധമായും കരുതണം. സ്ലീപ് വിതരണത്തിന് രണ്ടു പേരിൽ കൂടാൻ പാടില്ല. സ്ലിപ്പ് വിതരണം നടത്തുന്നവർ മാസ്‌ക്, കൈയുറ എന്നിവ നിർബന്ധമായും ധരിക്കണം.
സുരക്ഷാ ക്രമീകരണങ്ങളൊരുക്കി പൊലിസ്
വിപുലമായ സുരക്ഷാ ക്രമീകരണം പൊലീസ് ഒരുക്കിയിട്ടുണ്ട്. ഓരോ ഇലക്ഷൻ സബ് ഡിവിഷനും ഓരോ ഡിവൈ.എസ് പിയുടെ നിയന്ത്രണത്തിൻ കീഴിലാക്കിയിട്ടുണ്ട്. ഓരോ ഇലക്ഷൻ സബ് ഡിവിഷനിലും 11 പൊലീസ് ഉദ്യോഗസ്ഥർ വീതമുള്ള സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ 23 പോലീസ് സ്റ്റേഷനുകളിലും ഓരോ സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ ഏർപ്പെടുത്തി. കൂടാതെ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവർത്തിക്കും.
ഒരു പൊലീസ് സ്റ്റേഷന് രണ്ടുവീതം ക്രമസമാധാന ചുമതലയുള്ള പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 102 ഗ്രൂപ്പ് പട്രോൾ സംഘങ്ങൾ ഉണ്ടാവും. 1024 ക്ലസ്റ്ററുകളിലായി 1459 ബൂത്തുകളാണ് ജില്ലയിലുള്ളത്. 625 ഒറ്റ ബൂത്തുകളും, 377 ഇരട്ട ബൂത്തുകളും, മൂന്ന് ബൂത്തുകളുള്ള 12 കേന്ദ്രങ്ങളും നാല് എണ്ണമുള്ള എട്ട് കേന്ദ്രങ്ങളും ആറ് ബൂത്തുള്ള രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. എത്തിപ്പെടാനാവാത്ത രണ്ടു ബൂത്തുകൾ ഉള്ളത് ഗവിയിലാണ്. ഇവിടേയ്ക്ക് നിലവിലേതു കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെക്കൂടി നിയോഗിച്ചിട്ടുണ്ട്. സെൻസിറ്റീവ് ബൂത്തുകളിലും അഡീഷണലായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലയിലാകെ 179 സെൻസിറ്റീവ് ബൂത്തുകളാണുള്ളത്. അതീവ പ്രശ്‌നബാധിത ബൂത്തുകളില്ല. അഞ്ച് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
---------
സ്ഥാനാർത്ഥികൾ- 3,698
നഗരസഭകൾ, ത്രിതല പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി വാർഡുകളിലേക്ക് ആകെ 3,698 സ്ഥാനാർത്ഥികൾ
ഗ്രാമ പഞ്ചായത്തുകളിൽ 788 വാർഡുകളിൽ 2,803 സ്ഥാനാർത്ഥികൾ. ബ്ലോക്ക് പഞ്ചായത്തിൽ 106 മണ്ഡലങ്ങളിൽ 3,42 സ്ഥാനാർത്ഥികൾ
ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിൽ 60 സ്ഥാനാർത്ഥികൾ. നഗരസഭയുടെ 132 മുൻസിപ്പൽ വാർഡുകളിൽ 493 സ്ഥാനാർത്ഥികൾ
സമ്മതിദായകർ -10,78,599
.
.