elaction

വിതരണ കേന്ദ്രങ്ങളിൽ തിരക്ക്

പത്തനംതിട്ട : ഇന്നലെ പോളിംഗ് സാമഗ്രികൾ വിതരണം ചെയ്ത കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറത്തി വലിയ തിരക്കായിരുന്നു. രാവിലെ 6 മുതൽ കേന്ദ്രങ്ങളിൽ പ്രിസൈഡിംഗ് ഓഫീസർമാരടക്കമുള്ള ഇലക്ഷൻ ഡ്യൂട്ടി ഉദ്യോഗസ്ഥർ എത്തിത്തുടങ്ങി. ഓരോരുത്തർക്കും പ്രത്യേക സമയമാണ് നൽകിയതെങ്കിലും മിക്കയിടങ്ങളിലും തിരക്കുണ്ടായി. വാഹനങ്ങളുടെ നീണ്ട നിരയും കൂടി ആയപ്പോൾ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

ഇന്നലെ ചുരുക്കം ചില ബസുകൾ മാത്രമാണ് സർവീസ് നടത്തിയത് . സ്വകാര്യ ബസുകളിൽ പകുതിയും സർവീസ് നടത്തിയില്ല. ചിലർ ഇലക്ഷൻ സർവീസിന് പോയി. സർവീസ് നടത്തിയ ബസുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പരമാവധി ആളുകളെ കയറ്റിയാണ് ഇന്നലെ വാഹനം ഓടിച്ചത്. തിരഞ്ഞെടുപ്പിന് പോകുന്ന ഉദ്യോഗസ്ഥരും ഇതോടൊപ്പമുണ്ട്. ആദ്യം കൊവിഡ് പരിശോധിച്ച് ഫലം വന്നതിന് ശേഷം റിപ്പോർട്ടുമായി ജോലിക്കെത്തണമെന്നായിരുന്നു സർക്കാർ നിർദേശം. എന്നാൽ പിന്നീട് രോഗ ലക്ഷണ മുണ്ടെങ്കിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നാക്കി.

വോട്ടെടുപ്പ് രാവിലെ 7 മുതൽ

വൈകിട്ട് 6 വരെ

രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. കൊവിഡ് സാഹചര്യത്തിൽ ശാരീരിക അകലം ഉറപ്പാക്കുന്നതിനാണ് വോട്ടെടുപ്പ് ഇത്തവണ ഒരു മണിക്കൂർ ദീർഘിപ്പിച്ചത്.

ത്രിതല പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വോട്ടിംഗ് മെഷീനുകൾ ഉണ്ടാകും. മുൻസിപ്പാലിറ്റിയിൽ ഒരു വോട്ടിംഗ് മെഷീനാണുണ്ടാകുക. വോട്ടർമാർ ബൂത്തിൽ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം.