machine
കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിൽ പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങാൻ എത്തിയ ഉദ്യോഗസ്ഥർ തിക്കിത്തിരക്കി കാത്തിരിക്കുന്നു

തിരുവല്ല: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ല. കാവുംഭാഗം ദേവസ്വം ബോർഡ് സ്‌കൂളിലാണ് ജീവനക്കാർ തിക്കിത്തിരക്കി പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങി പോയത്. ഓരോ പഞ്ചായത്തിനും പ്രത്യേകം സമയം നിശ്ചയിച്ച് നൽകിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെല്ലാം സമയത്തിന് മുൻപേ എത്തുകയായിരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്ന ക്ലാസ് മുറിയുടെ മുന്നിലെ വരാന്തയിൽ സാമൂഹിക അകലം പാലിക്കാതെയാണ് ഉദ്യോഗസ്ഥർ ഒത്തുകൂടിയത്. ഉദ്യോഗസ്ഥർക്ക് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഒരുക്കാത്തതാണ് കൊവിഡ് ചട്ടങ്ങൾ ലംഘിക്കാൻ കാരണമായത്. ഇവിടുത്തെ കൊവിഡ് പരിശോധനാ കേന്ദ്രത്തിന് മുന്നിലും വൻ തിരക്കായിരുന്നു. പുളിക്കീഴ് ബ്ലോക്കിലെ നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലെ പോളിംഗ് സാമഗ്രികളുടെ വിതരണമാണ് ഇവിടെ നടന്നത്.